ടി.വി.കെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിയുടെ പാർട്ടിയായ ടി.വി.കെയുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. വിജയ് രണ്ടിടങ്ങളിൽ മത്സരത്തിനിറങ്ങും. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ (ചെന്നൈ) എന്നീ മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുക.
അതേസമയം, തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റിൽ 180 സീറ്റുകൾ നേടി ഡി.എം.കെ അധികാരത്തിലേറുമെന്ന് അഗ്നി ന്യൂസ് സർവിസിന്റെ അഭിപ്രായ സർവേ പ്രവചനം. ഡി.എം.കെ സഖ്യം 44.9 ശതമാനം വോട്ട് നേടും. അതേസമയം അണ്ണാ ഡി.എം.കെ സഖ്യം 38.5 ശതമാനം വോട്ടുകളുമായി 54 സീറ്റുകളിൽ വിജയിക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം(ടി.വി.കെ) 9.7 ശതമാനം വോട്ട് നേടിയേക്കും. വിജയ് ജനവിധി തേടുന്ന പെരമ്പൂരിൽ പരാജയപ്പെടുമെന്നും സർവേ പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനാണ് മുൻതൂക്കം.
ഏപ്രിൽ 23ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ്.പി.എ), ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ), നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ), സീമാന്റെ നാം തമിഴർ കക്ഷി (എൻ.ടി.കെ) എന്നിവരാണ് കളത്തിലുള്ളത്. ഡി.എം.കെ സഖ്യവും ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാവും. 234 നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് ആവശ്യമായിരിക്കെ, രണ്ട് മുന്നണികൾക്ക് നേതൃത്വം നൽകുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളിൽ വീതം മൽസരിക്കും.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ ആരവം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഒരു മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം മൂന്നു തവണ തമിഴകത്തെത്തി. അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും തമിഴകത്ത് തമ്പടിക്കുന്നുണ്ട്. സംസ്ഥാന-ദേശീയ തലത്തിൽ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്ന ഡി.എം.കെയെയും സ്റ്റാലിനെയും അധികാരത്തിൽനിന്ന് തൂത്തെറിയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം കരുക്കൾ നീക്കുന്നത്. തമിഴക രാഷ്ട്രീയത്തിൽ പുതുവരവായ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തെ (ടി.വി.കെ) എൻ.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെട്ടു. ആദ്യമായാണ് ടി.വി.കെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയ്‌യുടെ പരിപാടികളിൽ ആരാധകരായ സ്ത്രീകളും യുവജനങ്ങളും ഉൾപ്പെടുന്ന വൻ ജനക്കൂട്ടമാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

