You are here

‘ഇപ്പോൾ ​പ്രസവിച്ചുപോകുമെന്ന്​ പറഞ്ഞിട്ടും അവരെന്നെ വിട്ടില്ല...’

  • കശ്​മീരിൽനിന്ന്​ കണ്ണുനീരി​ൻെറ കഥ

10:30 AM
14/08/2019
ഇൻഷാ അഷ്​റഫ്​ ആശുപത്രി കിടക്കയിൽ (ചിത്രം: സുബൈർ സോഫി)

‘ഞാനിപ്പോൾ പ്രസവിച്ചുപോകുമെന്നും ഒരടിപോലും  നടക്കാനാവി​ല്ലെന്നും പറഞ്ഞിട്ടും അവരെന്നെ ആ ഓ​ട്ടോറിക്ഷയിൽ പോകാൻ അനുവദിച്ചില്ല...’ ഇൻഷാ അഷറഫ്​ എന്ന 26 കാരി പറയുന്ന വാക്കുകളിൽ കശ്​മീരിൻെറ ഇപ്പോഴത്തെ നേർ ചിത്രമുണ്ട്​.

വെളുപ്പിന്​ അഞ്ചരയായിക്കാണും പ്രസവത്തിൻെറ എല്ലാ ലക്ഷണങ്ങളും ഇൻഷയിൽ അനുഭവപ്പെട്ടു തുടങ്ങിയപ്പോൾ, ഏതൊക്കെയോ ഉറവകളിൽനിന്ന്​ നീർ പൊടിഞ്ഞു തുടങ്ങിയത്​ അവൾക്ക്​ ബോധ്യമായി.. ഇനി അധിക സമയമില്ല, വൈകാതെ പ്രസവിച്ചേക്കാം...

ശ്രീനഗറിന്​ പുറത്തുള്ള ബെമിനയയിലാണ്​ ഇൻഷയുടെ വീട്​. ഏഴ്​ കിലോ മീറ്റർ അകലെയുള്ള ലാൽ ഡെഡ്​ ആശുപത്രിയാണ്​ ഏറ്റവും അടുത്ത സർക്കാർ ആതുരാലയം. ഇൻഷയുടെ ഉമ്മ മുബീന അനിയത്തി നിഷയെയയും കൂട്ടി അയൽവാസിയായ ഓ​ട്ടോ റിക്ഷക്കാരനെ സമീപിച്ചു. തെരുവിൽ സൈനികർ റോന്തു ചുറ്റുന്നുണ്ട്​. മറ്റ്​ വാഹനങ്ങൾ ഒന്നും പോകുന്നുമില്ല. എന്നിട്ടും ഡ്രൈവർ അവരെ ആശുപത്രിയിൽ എത്തിക്കാമെന്ന്​ സമ്മതിച്ചു.

ഏതാനും മീറ്റർ മുന്നോട്ട്​ ചെ​ന്നപ്പോൾ തന്നെ സൈനികർ വാഹനം തടഞ്ഞു. യാതൊരു വാഹനവും കടത്തിവിടരുതെന്നാണ്​ നിർദേശമെന്ന്​ അവർ. ‘ഞാനൊരു ഗർഭിണിയാണ്​... ഏത്​ നിമിഷവും പ്രസവിച്ചുപോകും. ദയവായി കടത്തിവിടണം...’ ഇൻഷ അവരോട്​ കെഞ്ചിനോക്കി. പക്ഷേ, ഒരലിവുമില്ലാത്ത നിയമം അവർക്കു മുന്നിൽ വഴി മുടക്കി...

തെരുവിൽ നിസ്സഹായയായി നിൽക്കുന്ന ഗർഭിണി. ചിത്രം: സുബൈർ സോഫി
 

പക്ഷേ, ഒരു ദയവ്​ അവർ കാണിച്ചു.. ‘വേണമെങ്കിൽ ആശുപത്രിയിലേക്ക്​ നടന്നുപോകാം...’
ഒരടി പോലും നടക്കാൻ കഴിയാത്ത അവസ്​ഥയിൽ അവർക്കു മുന്നിൽ മറ്റ്​ വഴികളൊന്നുമുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക്​ നടക്കാൻ തന്നെ അവർ തീരുമാനിച്ചു. ഓരോ 500 മീറ്ററിലും സ്​ഥാപിച്ചിരിക്കുന്ന ചെക്​പോസ്​റ്റുകളിൽ അവർ ഒരേ കാര്യം ആവർത്തിച്ചുകൊണ്ടേയിരുന്നു... ഓരോ തവണയും അവരുടെ യാചന നിരസിച്ചുകൊണ്ടേയിരുന്നു...
ഒടുവിൽ, ആശുപത്രിക്ക്​ അര കിലോ മീറ്റർ അപ്പുറത്ത്​ ഇനിയൊരടി വെക്കാനാവാതെ അവൾ കുഴഞ്ഞുനിന്നു. പ്രസവം ഏതാണ്ട്​ ഉറപ്പായി.
തൊട്ടടുത്ത്​ ഒരു സ്വകാര്യ ആശുപത്രിയുണ്ടായത്​ ഭാഗ്യമായി. ഇൻഷയെ അവിടെ പ്രവേശിപ്പിച്ചു. ഉടൻ തന്നെ പ്രസവവും നടന്നു. ഒരു പെൺകുഞ്ഞ്​. പക്ഷേ, ആ കുഞ്ഞിനെ പുതപ്പിക്കാൻ ഒരു കഷണം തുണിപോലുമില്ലാത്ത അവസ്​ഥയിലായിരുന്നു ആശുപത്രിക്കാർ. എല്ലാ സാധനങ്ങളും തീർന്നുപോയിരിക്കുന്നു. പുറത്തുനിന്ന്​ അവ എത്താൻ കഴിയാത്തവിധം ഗതാഗതവും ചരക്കുനീക്കവും നിലച്ചിരിക്കുന്നു.

‘ഒരു കഷണം തുണിയുടെ പോലും താങ്ങില്ലാതെയായിരുന്നു എൻെറ പേരക്കുഞ്ഞിനെ അവർ എൻെറ കൈയിലേക്ക്​ തന്നത്​. എൻെറ സ്​കാർഫ്​ കൊണ്ട്​ ഞാനവളെ മാറോടടുക്കിപ്പിടിച്ചു...’ മുബീന പിന്നീട്​ അതേക്കുറിച്ചു പറഞ്ഞു...

കുഞ്ഞുണ്ടായ വിവരം ഇൻഷയുടെ ഭർത്താവ്​ ഇർഫാൻ അഹമ്മദ്​ എന്ന ഓ​ട്ടോ റിക്ഷ ഡ്രൈവറെ അറിയിക്കാനായിട്ടില്ല. ഏതാനും ദിവസം മുമ്പ്​ പതിവുപോലെ ഓ​ട്ടോയുമായി പോയ ഇൻഫാൻ എവിടെയോ കുടുങ്ങിയിരിക്കുകയാണ്​.. അയാ​െ​ള വിവരം ഒന്നറിയിക്കാൻ ഫോണോ ഇൻറർനെറ്റോ മറ്റേതെങ്കിലും ആശയവിനിമയ മാർഗങ്ങളോ ഇല്ല...

ഇൻഷയെപ്പോലെ കശ്​മീരിലെ അനേകം അമ്മമാരുടെ ദുരവസ്​ഥ കശ്​മീരിൽ നിന്നുള്ള അന്താരാഷ്​ട്ര മാധ്യമ പ്രവർത്തകൻ സുബൈർ സോഫിയെ ഉദ്ധരിച്ച്​  ‘ദ വയർ.ഇൻ’ ആണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

ഗർഭിണിയായ സ്​ത്രീ നിസ്സഹായയായി തെരുവിൽ നിൽക്കുന്നതും ആശുപത്രി വരാന്തയിൽ എങ്ങോട്ടു പോകണമെന്നുപോലും അറിയാതെ ഗർഭിണികൾ ചുരുണ്ടുകൂടി കിടക്കുന്നതുമായ ചിത്രങ്ങൾ സഹിതമാണ്​ സുബൈർ സോഫി വാർത്ത പങ്കുവെക്കുന്നത്​.

ആശുപത്രി വരാന്തയിൽ നിസ്സഹായരായിരിക്കുന്ന ഗർഭിണികളും ബന്ധുക്കളും. (ചിത്രം: സുബൈർ സോഫി)
 

ലാൽഡെഡ്​ ഹോസ്​പിറ്റലിലെ സ്​ഥിതിഗതികൾ അത്യന്തം ദയനീയമാണ്​. ഡിസ്​ചാർജ്​ ചെയ്​തിട്ടും ഗർഭിണികൾ പിരിഞ്ഞുപോകുന്നില്ല. എങ്ങോട്ടും പോകാനാവാത്ത അവസ്​ഥയിലാണവർ. തിന്നാനും കുടിക്കാനും ഒന്നുമില്ലാതെ ആശുപത്രി വരാന്തയിൽ സ്​തംഭിച്ചുനിൽക്കുകയാണ്​ ഒരുകൂട്ടം മനുഷ്യർ..

‘എൻെറ കൈയിൽ ഒരൊറ്റ പൈസ പോലുമില്ല. ആഗസ്​റ്റ്​ എട്ടിനു ശേഷം ഇൻറർനെറ്റോ ഫോണോ പ്രവർത്തിക്കുന്നില്ല. എ.ടി.എമ്മുകളും പ്രവർത്തിക്കുന്നില്ല. ആരോടെങ്കിലും ചോദിക്കാൻ പോലും കഴിയാത്ത അവസ്​ഥയിലാണ്​. ഭക്ഷണം പോലും കഴിച്ചിട്ട്​ ദിവസങ്ങളായി...’ ആശുപത്രിയിലെ ഒരു ജീവനക്കാരനായി റാഷിദ്​ പറയുന്നതിങ്ങനെയാണ്​...

ആർട്ടിക്കിൾ 370 പിൻവലിക്കുന്നതിനും ദിവസങ്ങൾക്കു മുമ്പുതന്നെ ഇതാണവസ്​ഥയെന്നും അവർ പറയുന്നു...

സാധാരണ മനുഷ്യരുടെ പോലും സഞ്ചാര സ്വാതന്ത്ര്യം വിലക്കി കൂച്ചുവിലങ്ങിട്ടിരിക്കുന്ന കശ്​മീരിൻെറ ചിത്രമാണ്​ ‘ദ വയർ.ഇൻ’  പങ്കുവെക്കുന്നത്​.


കടപ്പാട്​: www.thewire.in

 

Loading...
COMMENTS