അതിർത്തിയിൽ വീണ്ടും തുരങ്കം; തീവ്രവാദികളെ കടത്താൻ പാക്സേന നിർമ്മിച്ചതെന്ന് ഇന്ത്യൻ സൈന്യം
text_fieldsന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ ഇന്ത്യൻ അതിർത്തി സുരക്ഷാ സേന വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു - കാശ്മീരിലെ കത്വ ജില്ലയിലെ ഹിരൺനഗർ സെക്ടറിലെ ബോബിയാൻ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ തുരങ്കം കണ്ടെത്തിയത്. പാകിസ്താനിൽനിന്ന് ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യം നിർമിച്ചതാണ് ഈ തുരങ്കമെന്ന് ഉയർന്ന ഇന്ത്യൻ സൈനിക ഓഫിസർ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബർ 22നും സാംബ സെക്ടറിലെ അതിർത്തിയിൽ സമാന രീതിയിലുള്ള തുരങ്കം കണ്ടെത്തിയിരുന്നു. നവംബർ 19ന് നഗ്രോട്ടയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ജെയ്ശെ മുഹമ്മദ് തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ഈ തുരങ്കമാണ് ഉപയോഗിച്ചത്. ഇതിന് സമാനമാണ് ഇപ്പോൾ കണ്ടെത്തിയ തുരങ്കവും. മൂന്ന് അടി വിസ്താരവും 25-30 അടി താഴ്ചയുമുള്ളതാണ് തുരങ്കം. ഇതിന് ഏകദേശം 150 മീറ്റർ ദൈർഘ്യമുണ്ട്. അതിർത്തിയിൽനിന്ന് 300 അടി അകലത്തിലാണ് ഇത് കണ്ടെത്തിയത്. 65 അടി മാത്രമാണ് ഇന്ത്യയുടെ വശത്തെ വേലിയിലേയ്ക്കുള്ളത്.
തീവ്രവാദികളെ അതിർത്തി കടത്തുന്നതിന് പാക് സൈന്യം പ്രത്യേക നുഴഞ്ഞുകയറ്റ പാത നിർമിക്കുന്നതായാണ് തുരങ്കങ്ങളുടെ കണ്ടെത്തലിലൂടെ വ്യക്തമാകുന്നതെന്ന് അതിർത്തി രക്ഷാ സേന ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ തുരങ്കം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
അതിർത്തിയിൽ പാകിസ്താൻ നടത്തുന്ന തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളും ഈ തുരങ്കങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് സൈന്യം വിലയിരുത്തുന്നത്. തുരങ്കം നിർമിക്കുന്നതിനുവേണ്ടി ഇന്ത്യൻ സൈനികരുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇടയ്ക്കിടെ പാക് സൈന്യം അതിർത്തിയിൽ വെടിവെപ്പ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അതിർത്തിയിൽ 2020ൽ മാത്രം 930 വെടിനിർത്തൽ ലംഘനങ്ങളാണ് ഉണ്ടായത്. മുൻ വർഷത്തേക്കാൾ 54 ശതമാനം കൂടുതലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

