ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം തുരങ്കം തകർന്നു; മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഗതാഗതം താറുമാറായി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ ദേശീയപാതകളിലൊന്നായ മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ പുതുതായി നിർമ്മിച്ച 7,000 കോടി രൂപയുടെ 'മിസ്സിംഗ് ലിങ്ക്' പദ്ധതിയുടെ ഭാഗമായി നിർമിച്ച തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതോടെ വൻ ഗതാഗതക്കുരുക്കിന് കാരണമായി.മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ ഭക്ഷണവും വെള്ളവും ലഭിക്കാതെ വാഹനങ്ങളിൽ കുടുങ്ങിക്കിടന്നു.
19 കിലോമീറ്റർ നീളമുള്ള 'മിസ്സിങ് ലിങ്ക്' പദ്ധതി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ നിർമിച്ചതാണ്. മുംബൈ-പൂനെ യാത്രാസമയം 20 മുതൽ 25 മിനിറ്റ് വരെ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തപ്പോൾ ഇതിനെ ഒരു "എൻജിനീയറിങ് വിസ്മയം" എന്നാണ് വിശേഷിപ്പിച്ചിരുന്നത്..
എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് ആഴ്ചകൾക്കുള്ളിൽ തന്നെ കനത്ത മഴയെ തുടർന്ന് തുരങ്കത്തിന് സമീപമുള്ള ഭാഗത്ത് മണ്ണിടിച്ചിൽ സംഭവിക്കുകയായിരുന്നു. ഇതോടെ തുരങ്കത്തിന്റെ പുറംഭാഗത്തേക്ക് വൻതോതിൽ മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടി. മണ്ണിടിച്ചിലിനെ തുടർന്ന് എക്സ്പ്രസ് വേയുടെ ഇരുവശത്തും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി. മഴവെള്ളം റോഡിലേക്ക് ഒഴുകിയെത്തിയതോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയും വർധിപ്പിച്ചു.
സാഹചര്യം കണക്കിലെടുത്ത് എം.എസ്.ആർ.ഡി.സി, മുംബൈയിൽ നിന്നും പൂനെയിലേക്കും പൂനെയിൽ നിന്നും മുംബൈയിലേക്കും എക്സ്പ്രസ് വേയിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഇതിന് കാരണം അസാധാരണമായ മഴയാണെന്ന് പറഞ്ഞു. "അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. ഈ ഭാഗത്ത് ആദ്യമായാണ് ഇത്തരമൊരു മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. നൂറിലധികം ടൺ മണ്ണും പാറകളും റോഡിലേക്ക് വീണു. അഗ്നിരക്ഷാസേനയും മറ്റ് സർക്കാർ ഏജൻസികളും ഉടൻ സ്ഥലത്തെത്തി അവ നീക്കം ചെയ്തു"-അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചു. പദ്ധതിയുടെ നിർമ്മാണ നിലവാരത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനെ വിമർശിച്ചു. വ്യാപകമായ അഴിമതിയാണ് പദ്ധതിയുടെ ഗുണനിലവാരം തകർത്തതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കാൽ ആരോപിച്ചു. കരാറുകാർക്ക് കൈക്കൂലി നൽകാനായി ചെലവിന്റെ വലിയൊരു പങ്ക് വിനിയോഗിക്കേണ്ടി വന്നതിനാലാണ് മോശം നിർമാണം നടന്നതെന്നും ഉദ്ഘാടനം കഴിഞ്ഞ് ഒമ്പത് ആഴ്ചക്കുളളിൽ തന്നെ അത് തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ശിവസേന (ഉദ്ധവ് വിഭാഗം) എം.എൽ.എ ആദിത്യ താക്കറെയും പദ്ധതിയുടെ ചെലവ് ആയിരക്കണക്കിന് കോടി രൂപ വർധിച്ചിട്ടും രണ്ട് മാസത്തിനുള്ളിൽ തന്നെ തുരങ്കഭാഗം തകർന്നതായും പുതുതായി നിർമ്മിച്ച റോഡിൽ ഇതിനകം കുഴികൾ പ്രത്യക്ഷപ്പെട്ടതായും ആരോപിച്ചു. റോഡുകളായാലും ക്ഷേത്രങ്ങളായാലും നിലവിലെ സർക്കാർ അഴിമതിക്കാണ് മുൻഗണനയെന്നും അദ്ദേഹം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

