Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഉദ്യോഗസ്ഥന് ‘ന്യൂയോർക്ക് ടൈംസി’ന്റെ പ്രശംസ; തലക്കെട്ടുകളിലല്ല, മാറ്റത്തിലാണ് കാര്യമെന്ന് തുകാറാം മുണ്ടെ

text_fields
bookmark_border
fda
cancel
camera_alt

തുകാറാം മുണ്ടെ

മുംബൈ: ഭക്ഷ്യസുരക്ഷാ നടപടികളിലൂടെ ശ്രദ്ധ നേടിയ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ തുകാറാം മുണ്ടെയെ ‘റോക്ക് സ്റ്റാർ’ എന്ന് വിശേഷിപ്പിച്ച് ന്യൂയോർക്ക് ടൈംസ്. ആഗോള മാധ്യമശ്രദ്ധ നേടിയതിന് പിന്നാലെ നല്ല ഭരണനിർവഹണം വാർത്തകളിൽ ഇടം നേടുന്നതിലല്ല, ജനജീവിതത്തിൽ മാറ്റമുണ്ടാക്കുന്നതിലാണെന്ന് തുകാറാം മുണ്ടെ പ്രതികരിച്ചു.

ഒക്ടോബർ നാലിന് പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ തലക്കെട്ട് ‘ഇൻ ഇന്ത്യ എ ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ഈസ് എ റോക്ക് സ്റ്റാർ’ എന്നായിരുന്നു. പിന്നാലെ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ ‘ഡൈനേർസ് സേഫ്റ്റി ചീഫ് ഇൻറ്റു ഫുഡ് ഗോഡ് ഇൻ ഇന്ത്യൻ സിറ്റി’ എന്നായിരുന്നു തലക്കെട്ട്.

ഇരു റിപ്പോർട്ടുകളുടെയും ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചാണ് മുണ്ടെ പ്രതികരിച്ചത്. ഭക്ഷ്യസുരക്ഷയുടെ ലക്ഷ്യം ജനങ്ങളെ സംരക്ഷിക്കുക, മാനദണ്ഡങ്ങൾ ഉറപ്പാക്കുക, പൊതുജനവിശ്വാസം വളർത്തുക എന്നിവയാണെന്ന് അദ്ദേഹം പറഞ്ഞു. നീതിപൂർവവും ഭയരഹിതവും സ്ഥിരതയോടെയുമുള്ള നിയമനടപടികളിലൂടെ സ്ഥാപനങ്ങൾക്ക് വിശ്വാസ്യത നേടാനാകുമെന്നും ജനങ്ങൾക്ക് സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന വിശ്വാസം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ നിന്നുള്ള ഇത്തരം ഒരു കഥയാണ് ന്യൂയോർക്ക് ടൈംസ് അവതരിപ്പിച്ചതെന്നും മുണ്ടെ കുറിച്ചു.

ആഗോള മാധ്യമങ്ങളിൽ മുണ്ടെയെക്കുറിച്ച് റിപ്പോർട്ട് വരുന്നത് ഇതാദ്യമല്ല. സെപ്റ്റംബർ 27ന് ബി.ബി.സിയും അദ്ദേഹത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ‘വൈ സം ഇന്ത്യൻ സിവിൽ സെർവൻസ് ബികം ഹീറോസ് ഫോർ ഡൂയിംഗ് ദെയർ ജോബ്സ്’ എന്നായിരുന്നു റിപ്പോർട്ടിന്റെ തലക്കെട്ട്.

കൃത്യമായി ജോലി നിർവഹിച്ചതിന്റെ പേരിൽ പൊതുജനങ്ങളിൽനിന്ന് പ്രശംസ നേടിയ മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ബി.ബി.സി റിപ്പോർട്ടും പങ്കുവെച്ച മുണ്ടെ, വ്യക്തികളെക്കാൾ എല്ലാ ദിവസവും മാറ്റമുണ്ടാക്കുന്ന സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്ന് പറഞ്ഞു. അധികാരമോ വ്യക്തിപരമായ പ്രശസ്തിയോ അല്ല, പൊതുനന്മയാണ് പൊതുജീവിതത്തിലെ നേതൃത്വത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ കാര്യങ്ങൾ ചെയ്യാനുള്ള ആത്മാർഥത, പ്രയാസകരമായ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം, പക്ഷപാതമില്ലാതെ നിയമം നടപ്പാക്കാനുള്ള നീതി, മറ്റുള്ളവരെ കേൾക്കാനുള്ള വിനയം എന്നിവയാണ് നേതൃത്വത്തിന്റെ അടിസ്ഥാനമെന്നും മുണ്ടെ പറഞ്ഞു.

മെയ് 25നാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ തുകാറാം മുണ്ടെ മഹാരാഷ്ട്ര എഫ്.ഡി.എ കമ്മീഷണറായി ചുമതലയേറ്റത്. തുടർന്ന് സംസ്ഥാനത്തുടനീളം മൊത്തവ്യാപാരികൾ, നിർമാതാക്കൾ, ചില്ലറവ്യാപാരികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പരിശോധനകളും റെയ്ഡുകളും നടത്തി. ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും സാമ്പിളുകൾ പിടിച്ചെടുക്കുകയും ഉൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചു.

21 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ ഇതുവരെ 25 തവണ സ്ഥലംമാറ്റം നേരിട്ട ഉദ്യോഗസ്ഥൻ കൂടിയാണ് തുകാറാം മുണ്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tukaram Munde Gets NYT Praise
Next Story