തുഹിൻ പാണ്ഡെ സെബി ചെയർമാനായി ചുമതലയേറ്റു
text_fieldsന്യൂഡൽഹി: ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ 11ാമത് ചെയർമാനായി തുഹിൻ കാന്ത പാണ്ഡെ ചുമതലയേറ്റു. മാധബി പുരി ബുച്ച് മൂന്നുവർഷ കാലാവധി പൂർത്തിയാക്കി വിരമിച്ച ഒഴിവിലാണ് തുഹിൻ കാന്ത പാണ്ഡെയുടെ നിയമനം. പഞ്ചാബ് സർവകലാശാലയിൽനിന്ന് എം.എ ഇക്കണോമിക്സ്, യു.കെയിലെ ബെർമിങ്ഹാം സർവകലാശാലയിൽനിന്ന് എം.ബി.എ എന്നിവ നേടിയ ശേഷം ഒഡിഷ സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും കീഴിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്തു. 1987 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. ഫിനാൻസ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി സ്ഥാനങ്ങളിൽ മികവ് തെളിയിച്ച ശേഷമാണ് അദ്ദേഹം സെബി മേധാവിയാകുന്നത്.
ഹിൻഡൻബെർഗ് റിപ്പോർട്ടിൽ ഉൾപ്പെടെ അഴിമതി ആരോപണ നിഴലിലായ മാധബി പുരി ബുച്ചിന് കേന്ദ്ര സർക്കാർ കാലാവധി നീട്ടിനൽകിയില്ല. മുമ്പ് രണ്ട് സെബി ചെയർമാന്മാർക്കും കാലാവധി നീട്ടി നൽകിയിരുന്നു. വലിയ വെല്ലുവിളിയാണ് പുതിയ ചെയർമാന് മുന്നിലുള്ളത്. ഓഹരികളുടെയും സൂചികയുടെയും തുടർച്ചയായ ഇടിവിൽ നഷ്ടപ്പെട്ട നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാണ് പ്രധാന വെല്ലുവിളി. സെബി ഭാരവാഹികൾക്ക് എതിരെ കൂടി ആരോപണം ഉയർന്നതിനെ തുടർന്ന് നഷ്ടപ്പെട്ട വിശ്വാസ്യതയും തിരിച്ചുപിടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

