ട്രെയിനിൽ ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം? കുറുക്കുവഴികൾ പങ്കുവെച്ച് ടി.ടി.ഇ VIDEO
text_fieldsന്യൂഡൽഹി: സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റെടുത്തിട്ടും ലോവർ ബെർത്ത് ലഭിച്ചില്ലേ.? കാരണം വിശദീകരിച്ച് റെയിൽവേയിലെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടി.ടി.ഇ) പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിബ്രുഗഡ് രാജധാനി എക്സ്പ്രസ്സിൽ ചിത്രീകരിച്ചതാണ് വീഡിയോ. സീനിയർ സിറ്റിസൺ ക്വാട്ടയിൽ യാത്രക്കാരുടെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമെന്ന കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം?
ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിൽ യാത്രക്കാരായ നാല് മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്തിന് പകരം മധ്യ ബെർത്തുകളും അപ്പർ ബെർത്തുകളും അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കുമാണ് ടി.ടി.ഇ വീഡിയോയിലൂടെ മറുപടി നൽകുന്നത്. സീനിയർ സിറ്റിസൺ ക്വാട്ട ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കാൻ ഒരു ടിക്കറ്റിൽ പരമാവധി രണ്ട് യാത്രക്കാരേ ഉണ്ടാകാവൂ എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിക്കുമ്പോൾ മുൻഗണന ലഭിക്കും. രണ്ടിലധികം പേർ ഒരേ ടിക്കറ്റിൽ ബുക്ക് ചെയ്താൽ ക്വാട്ടാ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എങ്ങിനാണ് ബെർത്ത് അനുവദിക്കുന്നത്?
ഇന്ത്യൻ റെയിൽവേയുടെ കമ്പ്യൂട്ടർ അധിഷ്ഠിത റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരൻമാർക്കും 45നും മുകളിലുമുള്ളതോ ഗർഭിണികളായവരോ ആയ സ്ത്രീകൾക്കും ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് അനുവദിക്കാൻ സജ്ജീകരണമുണ്ട്. ബുക്ക് ചെയ്യുന്ന സമയത്ത് ലഭ്യമായ അത്തരം ബെർത്തുകൾ കണക്കിലെടുത്താവും ഇത് അനുവദിക്കപ്പെടുക.
പുരുഷന്മാർക്ക് 60 വയസ്സിന് മുകളിലുള്ളവർക്കും സ്ത്രീകൾക്ക് 45 വയസ്സിന് മുകളിലുള്ളവർക്കും ആണ് ലോവർ ബെർത്ത്/സീനിയർ സിറ്റിസൺ ക്വാട്ട സീറ്റുകൾ അനുവദിക്കുന്നത്. ഒറ്റക്കോ അല്ലെങ്കിൽ മറ്റൊരു മുതിർന്ന പൗരനൊപ്പമോ യാത്ര ചെയ്യുമ്പോൾ മാത്രമാണ് മുതിർന്ന പൗരന്മാർക്ക് സിസ്റ്റം ലോവർ ബെർത്ത് മുൻഗണന നൽകുന്നത്. രണ്ടിൽ കൂടുതൽ മുതിർന്ന പൗരന്മാരോ, അല്ലെങ്കിൽ മുതിർന്ന പൗരനും അല്ലാത്തവരുമോ ഒരേ പി.എൻ.ആറിൽ ബുക്ക് ചെയ്താൽ, ഇത് ജനറൽ ക്വാട്ട ആയി കണക്കാക്കപ്പെടും. പ്രായപരിധി ബാധകമാവുമ്പോഴും ഇത്തരം സാഹചര്യത്തിൽ ലോവർ ബെർത്ത് ലഭിക്കാനുള്ള സാധ്യത കുറയും.
ബുക്ക് ചെയ്തപ്പോൾ ഇത്തരത്തിൽ ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് അത് അനുവദിക്കാൻ ടിക്കറ്റ് പരിശോധകർക്കും അധികാരമുണ്ട്. ലോവർ ബെർത്ത് നിർബന്ധമായും ആവശ്യമുള്ളവർ അത് അനുവദിച്ചാൽ മാത്രം ബുക്കിങ് നടത്തുകയെന്ന് ഒപ്ഷൻ നൽകണമെന്ന് ടി.ടി.ഇ പറയുന്നു. ഇങ്ങനെ, ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.
കോച്ചുകളിലെ ക്വാട്ട ഇങ്ങനെ
ഓരോ ട്രെയിൻ കോച്ചിലും സ്ലീപ്പർ ക്ലാസ്സിൽ ആറ് മുതൽ ഏഴ് വരെ, എസി 3-ടയറിൽ നാല് മുതൽ അഞ്ച് വരെ, എ.സി. 2-ടയറിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്ത് സീറ്റുകൾ മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്.
ഇതിന് പുറമെ, സോണൽ റെയിൽവേകളിലെ സബർബൻ വിഭാഗങ്ങളിലെ ആദ്യത്തെയും അവസാനത്തെയും രണ്ടാം ക്ലാസ് ജനറൽ കംപാർട്ട്‌മെൻറുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമില്ലെങ്കിലും യാത്രയിൽ ആവശ്യപ്പെടുന്ന പക്ഷം പ്രായം തെളിയിക്കാനുള്ള രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

