'രാമന്റെ സ്വത്ത് കൊള്ളയടിക്കുന്നത് വരേണ്യസംഘം': രാമക്ഷേത്ര വിവാദത്തിൽ രൂക്ഷ വിമർശനവുമായി ടി.എസ്. ശ്യാം കുമാർ
text_fieldsഅയോദ്ധ്യാ രാമക്ഷേത്രത്തിലെ സ്വത്തുവിനിയോഗം സംബന്ധിച്ച ആരോപണങ്ങൾ വീണ്ടും ചർച്ചയാകുന്നു. ക്ഷേത്രസ്വത്തുക്കളിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവുമായി ചരിത്രകാരൻ ടി.എസ്. ശ്യാം കുമാർ രംഗത്തെത്തി. ഭക്തിയുടെ മറവിൽ ക്ഷേത്രങ്ങൾ വ്യവസായവൽക്കരിക്കപ്പെടുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
ക്ഷേത്രങ്ങൾ ഭക്തർക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്നവർ, യഥാർത്ഥത്തിൽ ക്ഷേത്രസ്വത്തുക്കൾ കൈക്കലാക്കാനാണ് ശ്രമിക്കുന്നതെന്ന് ശ്യാം കുമാർ കുറ്റപ്പെടുത്തി. അയോദ്ധ്യാ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെട്ടത് ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ആചാരപ്രേമവും രാമപ്രേമവും പ്രസംഗിച്ചു നടക്കുന്നവർ തന്നെയാണ് ക്ഷേത്രസ്വത്തുകൾ കൊള്ളയടിച്ചതെന്നും, ഇവരുടെ ദേശസ്നേഹ ആഖ്യാനങ്ങൾ ശുദ്ധ കാപട്യമാണെന്നും അദ്ദേഹം വിമർശിച്ചു.
ഗോസംരക്ഷണത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തുമ്പോൾ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടം. നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ പരാജയം പോലെ, രാജ്യത്തെ ലക്ഷക്കണക്കിന് വിശ്വാസികളെയും ഇവർ വഞ്ചിച്ചിരിക്കുകയാണെന്നും ശ്യാം കുമാർ കുറിപ്പിൽ വ്യക്തമാക്കി.
ക്ഷേത്രസ്വത്തുക്കൾ മോഷ്ടിച്ച് കോടിപതികളായവർ രാജ്യത്തിന്റെ പേരിൽ നടത്തുന്ന പ്രചരണങ്ങൾ വഞ്ചനയാണെന്നും, ഇത്തരമൊരു സാഹചര്യത്തിൽ പരിവാരികളുടെ ഭക്തി വ്യവസായത്തെ സംശയത്തോടെ വീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിലാണ് വിമർശനം ഉയർന്നത്.ക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ കോടികളുടെ തിരിമറി നടന്നുവെന്ന മുൻ സമാജ്വാദി പാർട്ടി എം.എൽ.എ പവൻ പാണ്ഡെയുടെ ആരോപണത്തെത്തുടർന്ന് ശ്രീരാം ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ ആവശ്യപ്രകാരം ജൂൺ 14നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

