'തമിഴ്നാടിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിട്ടില്ല'; ദുഃഖം വാക്കുകൾക്കതീതം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ്റ്റാലിൻ
text_fieldsചെന്നൈ: കരൂർ ദുരന്തത്തിൽ അനുശോചനമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭയാനകമായ സംഭവമാണ് ഉണ്ടായതെന്നും ദുഃഖം വാക്കുകൾക്ക് അതീതമാണെന്നും സ്റ്റാലിൻ പറഞ്ഞു. 39 പേരാണ് ഇതുവരെ ദുരന്തത്തിൽ മരിച്ചത്. ഒരു രാഷ്ട്രീയപാർട്ടി സംഘടിപ്പിച്ച പരിപാടിക്കിടെ ഇത്രയും പേർക്ക് ജീവൻ നഷ്ടമാകുന്നത് തമിഴ്നാടിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
നിലവിൽ 51 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഐ.സി.യുവിലാണ് ചികിത്സയിൽ തുടരുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരവും സ്റ്റാലിൻ പ്രഖ്യാപിച്ചു. വിരമിച്ച ഹൈകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. കരൂരിലെത്തിയ സ്റ്റാലിൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് നടത്തുന്ന റാലിയിൽ തിക്കിലും തിരക്കിലും ആറ് കുട്ടികളടക്കം 38 പേർക്ക് ദാരുണാന്ത്യം. 14 സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇതിൽ നിരവധിപേർ അതീവ ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. കരൂരിലെ വേലുസ്വാമിപുരത്ത് ശനിയാഴ്ച രാത്രി നടന്ന വമ്പൻ റാലിക്കിടെയാണ് അപകടമുണ്ടായത്.
നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. പലരും കുഴഞ്ഞ് വീഴുകയായിരുന്നു. കുട്ടികളെയടക്കം ഉടൻ കരൂർ മെഡിക്കൽ കോളജടക്കമുള്ള ആശുപത്രികളിലെത്തിച്ചു. വിജയ് സംസാരിക്കുമ്പോൾ മൈതാനത്തുണ്ടായിരുന്ന ചിലർ ബോധരഹിതരായി വീഴുകയായിരുന്നു. പിന്നാലെയാണ് ദുരന്തമുണ്ടായത്. തുടർന്ന് വിജയ് പ്രസംഗം നിർത്തി, രക്ഷാപ്രവർത്തനത്തിന് പൊലീസിന്റെ സഹായം തേടി. വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുന്നതും കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

