ദേശീയപാതയിൽ ഭക്ഷണവിരുന്ന്: ആ വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്...
text_fieldsജയ്പൂർ: ദേശീയപാതയുടെ നടുവിൽ കുടുംബം പായ വിരിച്ച് ഭക്ഷണം കഴിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ച ദൃശ്യങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് വ്യക്തമാവുന്നു. ഹൈവേയെ പിക്നിക് സ്പോട്ടാക്കി മാറ്റിയെന്നും, ആളുകൾക്ക് യാതൊരുവിധ പൗരബോധവുമില്ലെന്നുമുള്ള രീതിയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഈ വീഡിയോക്ക് താഴെ ഉയർന്നത്. കൂടാതെ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 12ന് ഹരിയലി അമാവസ്യ ദിവസമാണ് ഈ സംഭവങ്ങൾ നടക്കുന്നത്. കുടുംബത്തോടൊപ്പം മേനാൽ വെള്ളച്ചാട്ടം സന്ദർശിച്ച ശേഷം ചിറ്റോർഗഡിലേക്ക് മടങ്ങുകയായിരുന്നു ശിവ് പ്രകാശും കുടുംബവും. സംഘത്തിൽ ചെറിയ കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. ശക്തമായ മഴയെത്തുടർന്ന് വൈകുന്നേരം 4.30 ഓടെ എല്ലാവര്‍ക്കും കഠിനമായ വിശപ്പ് അനുഭവപ്പെട്ടു.
ഭക്ഷണത്തിനായി ഏതെങ്കിലും റസ്റ്ററന്റോ സുരക്ഷിതമായ ഇടമോ തേടി ഇവർ വഴിയിൽ നാട്ടുകാരെ സമീപിച്ചു. ലോറികൾ നിർത്തിയിടാറുള്ളതും ആളുകൾ വിശ്രമിക്കാറുള്ളതുമായ ഹൈവേയോട് ചേർന്നുള്ള ഒരു ‘ലേ-ബേ’ കുറിച്ച് നാട്ടുകാർ ഇവരോട് പറഞ്ഞു.
നാട്ടുകാർ നിർദ്ദേശിച്ച അതേ സുരക്ഷിതമായ ലേ-ബേയിൽ വാഹനം നിർത്തിയ കുടുംബം ഏകദേശം 15 മിനിറ്റ് മാത്രം അവിടെ ചെലവഴിച്ച് ഭക്ഷണം കഴിച്ചയുടൻ യാത്ര തുടർന്നു.
താൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ പിന്നീട് ചിലർ ദുരുദ്ദേശ്യപരമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ശിവ് പ്രകാശ് പറഞ്ഞു. കുടുംബം ഹൈവേയുടെ നടുവിലിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന തരത്തിലാണ് ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.
വീഡിയോ വൈറലായതോടെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളെത്തുടർന്ന് തനിക്ക് ഇൻസ്റ്റാഗ്രാമിൽ പ്രൊഫൈൽ പ്രൈവറ്റ് ആക്കേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളും മുതിർന്നവരുമുള്ള ഒരു സംഘം ശക്തമായ മഴക്കിടയിൽ പെട്ടുപോയ അടിയന്തര സാഹചര്യമാണ് അന്നുണ്ടായിരുന്നതെന്നും, ആരുടെയും സുരക്ഷക്ക് ഭീഷണി ഉയർത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയപാതകളിലെ സുരക്ഷയെയും ഉത്തരവാദിത്തത്തെയും കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതുറന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

