Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമക്ഷേത്രത്തിലെ കാണിക്ക സുരക്ഷിതമെന്ന് ട്രസ്റ്റ്

text_fields
bookmark_border
32.259 കിലോഗ്രാം സ്വർണ ഉരുപ്പടികളും വസ്തുക്കളും 1,518.925 കിലോഗ്രാം വെള്ളി ഉരുപ്പടികളും ക്ഷേത്രത്തിലുണ്ട്
https://www.madhyamam.com/tags/ram-temple
cancel

അയോധ്യ: രാമക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച എല്ലാ വസ്തുക്കളും സുരക്ഷിതമാണെന്നും രേഖകൾ ട്രസ്റ്റിന്റെ കൈവശമുണ്ടെന്നും ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭാവനകളുടെ കണക്കുകളും ട്രസ്റ്റ് പുറത്തുവിട്ടു.

2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ട്രസ്റ്റിന്റെ കൈവശം 32.259 കിലോഗ്രാം സ്വർണ ഉരുപ്പടികളും വസ്തുക്കളും 1,518.925 കിലോഗ്രാം വെള്ളി ഉരുപ്പടികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ 849.272 കിലോഗ്രാം ശുദ്ധീകരിച്ച വെള്ളിയും ഉൾപ്പെടുന്നു. രാമക്ഷേത്ര പ്രതിഷ്ഠക്കുശേഷം ഭക്തർ സമർപ്പിച്ച ആഭരണങ്ങൾ, കിരീടങ്ങൾ, മാലകൾ, വെള്ളിക്കട്ടകൾ, കലാവസ്തുക്കൾ എന്നിവ ഉൾപ്പെടെ ആകെ 2,926 വിലപിടിപ്പുള്ള വസ്തുക്കളാണ് ശേഖരത്തിലുള്ളത്.

ഓരോ സംഭാവനയും ദാതാവിന്റെ പേര്, സംഭാവന നൽകിയ തീയതി, മറ്റ് വിശദാംശങ്ങൾ എന്നിവ സഹിതം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓരോന്നിനും രസീത് നൽകുന്നുണ്ടെന്നും ഗോവിന്ദ് ദേവ് ഗിരി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ, കാണാതായതായി പ്രചരിച്ചിരുന്ന വെള്ളിയിൽ നിർമിച്ച കാകഭുശുണ്ടി രൂപവും ചരണപാദുകവും ഉൾപ്പെടെ വസ്തുക്കൾ ട്രസ്റ്റ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു. സ്വർണം പൂശിയ രാമചരിതമാനസവും വജ്രം പതിച്ച മാലയും പ്രദർശനത്തിലുണ്ടായിരുന്നു.

സംഭാവനയായി ലഭിക്കുന്ന വെള്ളി വസ്തുക്കളിൽ ചിലത് കേന്ദ്ര സർക്കാറിന്റെ മിന്റിൽ നിയമാനുസൃതമായി ഉരുക്കി ശുദ്ധീകരിക്കുന്നുണ്ടെന്നും അതിന്റെ ചിത്രങ്ങൾ, തൂക്ക വിവരങ്ങൾ, ശുദ്ധതാ സർട്ടിഫിക്കറ്റുകൾ എന്നിവ സൂക്ഷിക്കുന്നുണ്ടെന്നും ട്രഷറർ പറഞ്ഞു. ട്രസ്റ്റിന്റെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളും സ്വതന്ത്ര ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനം ഓരോ വർഷവും പരിശോധന നടത്തി സ്ഥിരീകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേട് നടന്നതായി തെളിവുള്ളവർ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കൈമാറണമെന്നും ഗോവിന്ദ് ദേവ് ഗിരി ആവശ്യപ്പെട്ടു. സംഭാവനകളുടെ തിരിമറിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ട്രസ്റ്റ് ഭരണ-സാമ്പത്തിക സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഭരണനിർവഹണം മെച്ചപ്പെടുത്തുന്നതിനായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) നിയമിക്കാനും തീരുമാനിച്ചു. പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തെന്ന ആരോപണത്തെ തുടർന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സംഭാവനകളുടെ തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ എട്ട് പ്രതികളെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചമ്പത് റായിയും അനിൽ മിശ്രയും അംഗങ്ങളല്ലാതായി –രാമക്ഷേത്ര ട്രസ്റ്റ്

അയോധ്യ: ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രസ്റ്റി അനിൽ മിശ്രയും ട്രസ്റ്റിലെ അംഗങ്ങളല്ലാതായെന്ന് ഭാരവാഹികൾ. സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചെങ്കിലും ഇരുവരും അംഗങ്ങളായി തുടരുകയാണെന്ന വിമർശനത്തിന് മറുപടിയായാണ് ട്രസ്റ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ചമ്പത് റായിയുടെ രാജി തിങ്കളാഴ്ച ചേർന്ന യോഗത്തിൽ അംഗീകരിച്ചതോടെ അദ്ദേഹം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാത്രമല്ല, ട്രസ്റ്റിലെ അംഗത്വത്തിൽ നിന്നുമാണ് ഒഴിഞ്ഞതെന്ന് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. അനിൽ മിശ്രയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹനെ നിലവിൽ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. ജൂലൈ 22ന് ചേരുന്ന അടുത്ത ട്രസ്റ്റ് യോഗത്തിൽ അദ്ദേഹത്തെ സ്ഥിരം ജനറൽ സെക്രട്ടറിയാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തേക്കുമെന്ന് ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു..

ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജിക്ക് പിന്നാലെ, പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽനിന്ന് ഗോപാൽ നാഗരകട്ടെയെ(ഗോപാൽ റാവു) ഒഴിവാക്കാനും ട്രസ്റ്റ് തീരുമാനിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു.

രാമക്ഷേത്രക്കൊള്ളയെ ബി.ജെ.പിയും ആർ.എസ്.എസും വെള്ളപൂശുന്നുവെന്ന് കോൺഗ്രസ്

ന്യൂഡൽഹി: രാമക്ഷേത്ര കൊള്ളക്ക് ഉത്തരവാദിയായ രാമക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടാതെ ആർ.എസ്.എസും ബി.ജെ.പിയും കൊള്ളയെ വെള്ളപൂശി യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ്. മുഴുവൻ സംഭാവനകളുടെയും പൂർണ വിശദാംശങ്ങൾ പുറത്തുവിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മൗനം വെടിയണമെന്നും പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല. സുപ്രീംകോടതി ജഡ്‍ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trust says Ram temple relics are safe
Next Story