ട്രംപിന്റെ ഇടപെടൽ; ഉന്നതതല വിശദീകരണം വേണം -സചിൻ പൈലറ്റ്
text_fieldsസചിൻ പൈലറ്റ്
ന്യൂഡൽഹി: ഭീഷണികളുടെയും വ്യാപാര കരാറുകളുടെ പ്രലോഭനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇന്ത്യ-പാകിസ്താൻ വെടിനിർത്തലുണ്ടായതെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് പറഞ്ഞു. വെടിനിർത്തൽ യു.എസ് പ്രസിഡന്റ് പ്രഖ്യാപിച്ചത് അത്ഭുതപ്പെടുത്തി. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടലിനെക്കുറിച്ച് ഇന്ത്യൻ സർക്കാറിന്റെ ഉന്നതതലങ്ങളിൽനിന്ന് വ്യക്തമായ വിശദീകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ ഇത്രയും നേരിട്ടുള്ള ഇടപെടൽ ഉണ്ടെന്ന് യു.എസ് പോലുള്ള ഒരു രാജ്യം അവകാശപ്പെടുന്നത് ഇതാദ്യമാണ്. എന്നിട്ടും നമ്മുടെ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ മൗനം വളരെയധികം അസ്വസ്ഥത ഉളവാക്കുന്നു. ഉസാമ ബിൻ ലാദിൻ ഉൾപ്പെടെയുള്ള തീവ്രവാദികൾക്ക് നിരന്തരം അഭയം നൽകിയിട്ടുള്ള ഒരു രാജ്യത്തെ എങ്ങനെ വിശ്വസിക്കാൻ കഴിയും. പാകിസ്താന്റെ ചരിത്രംതന്നെ അതിന് തെളിവാണ്. ഭീകരതയുടെ സ്പോൺസറാണെന്ന വസ്തുത ആഗോളതലത്തിൽ തുറന്നുകാട്ടണം. ഭീകരർക്ക് അഭയം നൽകുന്നതിനോ ധനസഹായം നൽകുന്നതിനോ പാകിസ്താൻ ഐ.എം.എഫ് ഫണ്ടുകൾ ദുരുപയോഗം ചെയ്യില്ലെന്ന് വെടിനിർത്തൽ അംഗീകരിക്കുന്നതിനു മുമ്പ് ഇന്ത്യക്ക് എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ എന്നും സചിൻ പൈലറ്റ് ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.