പശുക്കളുമായി പോയ ട്രക്ക് കാറിൽ ഇടിച്ചു; 'ജയ് ശ്രീ റാം' വിളിച്ച് ഡ്രൈവറെ ആക്രമിച്ച് ആൾക്കൂട്ടം
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ അരാംഘർ ക്രോസ്റോഡിന് സമീപം പശുക്കളുമായി പോയ ട്രക്ക് കാറിൽ ഇടിച്ചതിനെ തുടർന്ന് സംഘർഷം. പശുക്കളെ കശാപ്പുശാലയിലേക്ക് കൊണ്ടുപോകുകയാണെന്ന് സംശയിച്ച നാട്ടുകാരും ട്രക്കിന്റെ ഡ്രൈവറും തമ്മിലാണ് സംഘർഷമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ട്രക്കിനുള്ളിൽ പശുക്കൾ ഉണ്ടെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ജനം തടിച്ചുകൂടിയെന്ന് കോൺസ്റ്റബിൾ പറഞ്ഞതായി സിയാസത്ത് റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വിഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. കൂടിനിന്നവരിൽ ചിലർ 'ജയ് ശ്രീ റാം' മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. നാട്ടുകാർ ട്രക്ക് ഡ്രൈവറെ മർദിച്ചെന്ന് കോൺസ്റ്റബിൾ പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള രജിസ്ട്രേഷൻ നമ്പറാണ് വാഹനത്തിന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. പശുക്കളെ ജിയാഗുഡയിലെ ശ്രീ സമർഥ കാമധേനു ഗോശാലയിലേക്ക് അയച്ചു.
ഷാദ്‌നഗറിലെ കന്നുകാലി ചന്തയിൽ വിൽക്കാൻ പശുക്കളെ കൊണ്ടുപോകുകയായിരുന്നു ഡ്രൈവറും രണ്ട് സഹായികളും. മൂന്നുപേരെയും ജനക്കൂട്ടം മർദിച്ചെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും മൂന്നുപേരും ചികിത്സയിലാണെന്നും ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

