മുംബൈ: ടി.ആർ.പി റേറ്റിങ്ങിൽ റിപബ്ലിക് ടി.വി കൃത്രിമം നടത്തിയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ സാക്ഷിമൊഴി ഇന്ത്യ ടുഡേ പുറത്തുവിട്ടു.
2019 ജനുവരിയിൽ ടി.ആർ.പി റേറ്റിങ് കണക്കാക്കാനുള്ള ബാരോമീറ്റർ സ്ഥാപിക്കാനെത്തിയയാൾ റിപബ്ലിക് ടി.വി കാണുകയാണെങ്കിൽ പണം നൽകാമെന്ന് അറിയിച്ചുവെന്നാണ് സാക്ഷിമൊഴി. ദിനേശ് വിശ്വകർമയെന്നയാളും വിശാൽ ഭണ്ഡാരിയുമാണ് വീട്ടിലെത്തിയത്. റിപബ്ലിക് ടി.വി പ്രതിദിനം രണ്ട് മണിക്കൂർ കാണുകയാണെങ്കിൽ 400 രൂപ നൽകാമെന്ന് അറിയിച്ചു. പക്ഷേ തനിക്ക് റിപബ്ലിക് ടി.വി കാണാൻ താൽപര്യമില്ലാത്തതിനാൽ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.
ഇതിൽ വിശാൽ ഭണ്ഡാരിക്ക് ടി.ആർ.പി റേറ്റിങ് തട്ടിപ്പിൽ നേരിട്ട് പങ്കുള്ളതായാണ് മുംബൈ പൊലീസിെൻറ കണ്ടെത്തൽ. പലർക്കും പണം നൽകിയതിെൻറ രേഖകൾ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് റിപബ്ലിക് ടി.വി ഉൾപ്പടെ മൂന്ന് ചാനലുകൾ ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം നടത്തിയതെന്ന് മുംബൈ പൊലീസ് അറിയിച്ചത്.