മുംബൈ: റിപ്പബ്ലിക് ടി.വി ഉടമകളെ സഹായിക്കാനാണ് ടി.ആർ.പി തട്ടിപ്പ് കേസ് സി.ബി.െഎക്ക് കൈമാറണമെന്ന് ഹൻസ് റിസർച് ഗ്രൂപ് ആവശ്യപ്പെടുന്നതെന്ന് മുംബൈ പൊലീസ് ബോംബെ ഹൈകോടതിയെ അറിയിച്ചു. കേസിൽ പരാതിക്കാരാണ് ഹൻസ് ഗ്രൂപ്. അവരുടെ കമ്പനി ജീവനക്കാരും ചാനലുകളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട് കണ്ടെത്തിയതോടെയാണ് ഇൗ ആവശ്യം ഉന്നയിക്കുന്നതെന്നും ആര് എങ്ങനെ കേസന്വേഷിക്കണമെന്നു തീരുമാനിക്കേണ്ടത് പരാതിക്കാരല്ലെന്നും ഹൻസ് ഗ്രൂപ് നൽകിയ ഹരജിയിൽ മറുപടി നൽകെവ പൊലീസ് വ്യക്തമാക്കി.
ബ്രോഡ്കാസ്റ്റ് ഒാഡിയൻസ് റിസർച് കൗൺസിലിന് (ബാർക്) ചാനൽ ഉപഭോക്താക്കളുടെ വീട്ടിൽ ബാരോമീറ്റർ സ്ഥാപിക്കുന്നത് ഹൻസ് ഗ്രൂപ്പാണ്. ഇവർ 'ഇന്ത്യ ടുഡേ'ക്ക് എതിരെ നൽകിയ പരാതിയിലാണ് ടി.ആർ.പി തട്ടിപ്പ് കേസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ, തട്ടിപ്പ് നടത്തിയത് റിപ്പബ്ലിക് ടി.വി, ഫകത് മറാത്തി, ബോക്സ് സിനിമ തുടങ്ങിയ ചാനലുകളാണെന്ന് കണ്ടെത്തി. ഹൻസ്, ബാർക് ഉന്നതരും ചാനൽ ഉടമകളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടും പുറത്തുവന്നു. ഹൻസിെൻറ അഞ്ചു ജീവനക്കാർ, ബാർക് മുൻ മേധാവി പാർഥദാസ് ഗുപ്ത, റിപ്പബ്ലിക് ടി.വി മേധാവി വികാസ് ഖഞ്ചന്താനി തുടങ്ങി 15 പേരാണ് കേസിൽ അറസ്റ്റിലായത്.
റിപ്പബ്ലിക് ടി.വി ചാനൽ നടത്തിപ്പുകാരായ എ.ആർ.ജി ഒൗട്ട്ലിയറും ഹൻസ് ഗ്രൂപ്പും തമ്മിൽ ബാർക് അറിയാതെ 32 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായും പൊലീസ് കോടതിയിൽ ആരോപിച്ചു.