കേന്ദ്രം നിർദേശിച്ചാൽ ത്രിപുരയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും: മണിക് സാഹ
text_fieldsഅഗർത്തല: സംസ്ഥാത്ത് ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കാൻ തയ്യാറാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. കേന്ദ്രം ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചാൽ അനുസരിക്കുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി പറഞ്ഞു. 2029 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 സംസ്ഥാനങ്ങളിൽ യു.സി.സി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മണിക് സാഹയുടെ പ്രതികരണം.
"മാധ്യമങ്ങളിലൂടെയാണ് ഞങ്ങൾ ഇക്കാര്യം അറിഞ്ഞത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിർദേശം പുറപ്പെടുവിച്ചാൽ ഞങ്ങൾ തീർച്ചയായും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഞാൻ അറിഞ്ഞിടത്തോളം സംസ്ഥാനത്തെ ആദിവാസി മേഖലയിൽ ഇത് നടപ്പിലാക്കിയേക്കില്ല" - മണിക് സാഹ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിന്റെ 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുമെന്ന് സാഹ പറഞ്ഞു. പരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി ധനകാര്യ മന്ത്രി പ്രൺജിത് സിംഗ റോയ് അധ്യക്ഷനായ ഒരു നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അമിത് ഷാ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി - എൻ.ഡി.എ മുന്നണി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവിലുള്ള വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് പകരമായി, എല്ലാ പൗരന്മാർക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. മതം നോക്കാതെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തുടനീളം ഒരേ നിയമവ്യവസ്ഥ കൊണ്ടുവരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോടകം തന്നെ ചില ബി.ജെ.പി. ഭരണ സംസ്ഥാനങ്ങളിൽ യു.സി.സി. നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കേന്ദ്ര നിയമത്തിനുപകരം സംസ്ഥാന നിയമം കൊണ്ടുവന്ന് രാജ്യമൊട്ടുക്കും ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ഈ വിഷയത്തിൽ എൻ.ഡി.എ ഘടക കക്ഷികൾ നിലപാട് വ്യക്തമാക്കായിട്ടില്ല. കേന്ദ്രത്തിലും ബിഹാറിലും എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ-യു അമിത് ഷായുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

