അഗർത്തല: ത്രിപുരയിൽ കോവിഡ് വ്യാപിക്കുന്നതിന് പിന്നാലെ പുതിയ ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്കുമാർ ദേബ്. വിഡിയോ സന്ദേശത്തിലൂടെ ഇഞ്ചിവെള്ളം കുടിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇഞ്ചിവെള്ളത്തിന് കോവിഡ് അടക്കമുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി ഉയർത്താൻ കഴിയുമെന്നും ബിപ്ലബ് പറഞ്ഞു.
തെൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട 37 സെക്കൻറ് വിഡിയോക്കൊപ്പമാണ് ബിപ്ലബ് കോവിഡിനെ ചെറുക്കാൻ ഇഞ്ചിവെള്ളം കുടിക്കാൻ ആഹ്വാനം ചെയ്തത്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം തെൻറ അമ്മക്ക് നൽകുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.
എല്ലാവരും തങ്ങളുടെ വീട്ടിലെ മുതിർന്നവർക്ക് സമാനരീതിയിൽ പാനീയം കുടിക്കാൻ നൽകി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കണമെന്നും ബിപ്ലബ് ആഹ്വാനം ചെയ്തു. ബിപ്ലബിെൻറ നിർദേശത്തെ ബി.ജെ.പി പ്രവർത്തകർ സ്വാഗതം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഗ്രാമീണർക്ക് നാരങ്ങ ജ്യൂസും പൈനാപ്പിൾ ജ്യൂസും വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എല്ലാ ശനിയാഴ്ചകളിലും വളണ്ടിയർമാർ വഴി ജനങ്ങളിലേക്ക് ജ്യൂസ് എത്തിച്ചുനൽകും. ഇതുവഴി പ്രതിരോധശേഷി വർധിപ്പിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.