ന്യൂഡൽഹി: ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള കടുത്ത രാഷ്ട്രീയ പോരാട്ടത്തിനിടയിലായിരുന്നു തെരഞ്ഞെടുപ്പ്.
2018ൽ ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. അംബാസ, ജിറാനിയ, തെലിയമുറ, സബ്റൂം എന്നിവിടങ്ങളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
334 സീറ്റുകളിലേക്കാണ് മത്സരം. ഇതിൽ അഗർത്തല മുനിസിപ്പൽ കോർപറേഷനിലെ 51 വാർഡുകളും 13 മുനിസിപ്പൽ കൗൺസിലുകളും ആറ് നഗര പഞ്ചായത്തുകളും ഉൾപ്പെടും.
പ്രതിപക്ഷ സാന്നിധ്യമില്ലാത്തതിനാൽ ബി.ജെ.പി 112 സീറ്റിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 222 സീറ്റുകളിലേക്കാണ് നിലവിലെ മത്സരം. ഈ സീറ്റുകളിലേക്കായി 785 പേർ ജനവിധി തേടി. ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, സി.പി.എം എന്നീ പാർട്ടികൾ തമ്മിലാണ് പ്രധാന മത്സരം.
അതേസമയം, ബി.ജെ.പി തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ആരോപണവുമായി തൃണമൂൽ േകാൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കിയതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് തൃണമൂൽ ആവശ്യം. അഗർത്തല മുനിസിൽ കോർപറേഷനിലെ അഞ്ചുവാർഡുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും രംഗത്തെത്തിയിരുന്നു.