തൃണമൂൽ വിമത എം.പിമാർക്ക് എൻ.ഡി.എയുടെ ‘മംഗൾ മിലൻ’ യോഗത്തിൽ ക്ഷണം
text_fieldsതൃണമൂൽ കോൺഗ്രസ് വിമത എംപിമാർ
ന്യൂഡൽഹി: എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗമായ മംഗൾ മിലനിലേക്ക് തൃണമൂൽ കോൺഗ്രസ് വിമത എം.പിമാരുടെ എൻ.സി.പി.ഐ പാർട്ടിക്ക് ക്ഷണം. ചൊവ്വാഴ്ച രാവിലെ 9.30ക്ക് പാർലമെന്റ് ലൈബ്രറി ബിൽഡിങ്ങിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുക.
ടി.എം.സി വിട്ട വിമതരായ 20 ലോക്സഭാ എം.പിമാർ എൻ.സി.പി.ഐയിൽ ലയിച്ചതായും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചതായും അറിയിച്ചിരുന്നു. ജൂലൈ 21ന് നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ എൻ.സി.പി.ഐ പങ്കെടുത്തിരുന്നില്ല.
മുതിർന്ന എം.പി സുദീപ് ബന്ദോപാധ്യായുടെ നേതൃത്വത്തിൽ എൻ.സി.പി.ഐ ഞായറാഴ്ച ആദ്യ പാർലമെന്ററി പാർട്ടി യോഗം ചേർന്നിരുന്നു. ലോക്സഭയിൽ തങ്ങൾക്ക് ഇരിപ്പിടം, ഡിവിഷൻ നമ്പർ, നിയമ നിർമാണ ബ്ലോക്ക് എന്നിവ അനുവദിച്ചതായും എൻ.ഡി.എക്കുള്ള പിന്തുണ തുടരുമെന്നും പാർട്ടി അറിയിച്ചു.
പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ എം.പിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് എൻ.ഡി.എയുടെ മംഗൾ മിലൻ യോഗം. ധർമേന്ദ്ര പ്രധാന്റെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയും പൊതുപരീക്ഷ അന്യായ മാർഗങ്ങൾ തടയൽ ബില്ലും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ എൻ.ഡി.എ യുവ എം.പിമാരെ അണിനിരത്തുമെന്നാണ് വിവരം. പ്രതിപക്ഷം തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ അതിനെ നേരിടേണ്ടതെങ്ങനെയെന്നും യോഗം ചർച്ച ചെയ്യും.
ജൂലൈ 21ന് നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ വിദ്യാർഥികളോടൊപ്പം നിൽക്കുന്നുവെന്ന് പറയുകയും ചോദ്യപേപ്പർ ചോർച്ച ദേശീയതലത്തിൽ ആശങ്ക സൃഷ്ടിക്കുന്ന വിഷയമാണെന്നും അതിനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വിദ്യാർഥി പ്രതിഷേധം ശക്തമായതും ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

