ഓപറേഷൻ സിന്ദൂർ പ്രതിനിധി സംഘത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി അഭിഷേക് ബാനർജി
text_fieldsഅഭിഷേക് ബാനർജി
കൊൽക്കത്ത: ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധിയായി അഭിഷേക് ബാനർജി. ദൗത്യ സംഘത്തിലേക്ക് തൃണമൂൽ കോൺഗ്രസ് ചൊവ്വാഴ്ച പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ നാമനിർദേശം ചെയ്യുകയായിരുന്നു. പാർട്ടിയുടെ ബഹറാംപൂർ എം.പി യൂസുഫ് പത്താൻ പ്രതിനിധി സംഘത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഈ നീക്കം.
ഭീകരതക്കെതിരായ ഇന്ത്യയുടെ ആഗോള പോരാട്ടത്തിനുള്ള സർവകക്ഷി പ്രതിനിധി സംഘത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് അഭിഷേക് ബാനർജിയെ നാമനിർദേശം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു.
എം.പിമാർ ഉൾപ്പെടെ പ്രതിനിധി സംഘത്തിൽ 59 അംഗങ്ങളുണ്ടാകും. വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഇവർ ഇന്ത്യയുടെ ഭീകര വിരുദ്ധ നിലപാടിനെ കുറിച്ചും ഓപറേഷൻ സിന്ദൂറിനെ കുറിച്ചും വിശദീകരിക്കും. ഏഴ് സംഘങ്ങളായി തിരിഞ്ഞ് ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനം ഉള്‍പ്പെടെ 32 രാജ്യങ്ങളിലാണ് ദൗത്യസംഘം സന്ദര്‍ശനം നടത്തുക. മെയ് 23 ന് യാത്ര തുടങ്ങുമെന്നാണ് റിപ്പോർട്ട്.
പ്രതിനിധി സംഘത്തിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്രം കൂടിയാലോചന നടത്താത്തതിൽ തൃണമൂൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു. ഇന്തോനേഷ്യ, മലേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന ജെ.ഡി.യു എംപി സഞ്ജയ് കുമാർ ഝാ നയിക്കുന്ന സംഘത്തിൽ യൂസുഫ് പത്താനും ഉൾപ്പെട്ടിരുന്നു. എന്നാൽ, പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാണിച്ച് പത്താൻ ഒഴിയുകയായിരുന്നു.
മറ്റൊരു തൃണമൂൽ നേതാവായ സുദീപ് ബന്ദോപാധ്യായയെയും നേരത്തെ തന്നെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നതായി പറഞ്ഞിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം നിരസിക്കുകയായിരുന്നു. പാർട്ടി അറിയാതെയുള്ള ഈ നോമിനേഷനുകളിലാണ് തൃണമൂൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

