ന്യൂഡല്‍ഹി: രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയാകാം ധനമന്ത്രിയുടെ മുടി പെട്ടെന്ന് നരപ്പിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ്. ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലിനെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തിലെ ഈ പരാമര്‍ശം ഭരണപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികളില്‍നിന്ന് നീക്കംചെയ്തു.
പതിവില്‍നിന്ന് ഭിന്നമായി നരച്ച മുടിയോടെ ലോക്സഭയിലെത്തിയ നിര്‍മല, ബില്‍ അവതരിപ്പിച്ചശേഷം അതില്‍ ഭേദഗതി അവതരിപ്പിക്കാന്‍ കത്തു നല്‍കിയ അംഗങ്ങളെ സംസാരിക്കാന്‍ വിളിച്ചതായിരുന്നു. താന്‍ പറഞ്ഞതില്‍ പാര്‍ലമെൻററി വിരുദ്ധമായ പരാമര്‍ശമൊന്നുമില്ലെന്ന് സൗഗത റോയ് പറഞ്ഞുവെങ്കിലും കേന്ദ്ര പാര്‍ലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അടക്കമുള്ള ഭരണപക്ഷത്തെ മന്ത്രിമാരും എം.പിമാരും എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചതോടെ സ്പീക്കര്‍ ഓം ബിര്‍ള പരാമര്‍ശം നീക്കംചെയ്തതായി അറിയിക്കുകയായിരുന്നു.