നടിയും തൃണമൂൽ എം.പിയുമായ മിമി ചക്രബർത്തി രാജിവെച്ചു
text_fieldsകൊൽക്കത്ത: തൃണമൂൽ എം.പിയും സിനിമ താരവുമായ മിമി ചക്രബർത്തി എം.പി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലമായ ജാദവ്പൂരിലെ തൃണമൂൽ നേതാക്കളുമായുള്ള ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം. തൃണമൂൽ അധ്യക്ഷ മമത ബാനർജിക്ക് മിമി ചക്രബർത്തി രാജിക്കത്ത് നൽകി. ലോക്സഭ സ്പീക്കർക്ക് ഔദ്യോഗികമായി രാജിക്കത്ത് നൽകിയോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ജാദവ്പൂരിൽ നിന്ന് ഇനി മത്സരിക്കാനില്ലെന്ന കാര്യവും തൃണമൂൽ അധ്യക്ഷയെ അറിയിച്ചിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ 2,95,239 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മിമി ചക്രബർത്തി ബി.ജെ.പിയുടെ അനുപം ഹസ്രയെ പരാജയപ്പെടുത്തിയത്.
പാർലമെന്‍റിലെ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റികളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ മിമി ചക്രബർത്തി രാജിവെച്ചിരുന്നു. ഇതിന് മുമ്പ് രണ്ട് ആശുപത്രികളിലെ 'രോഗീ കല്യാൺ സമിതി' അധ്യക്ഷ പദവിയും രാജിവെച്ചിരുന്നു. തൃണമൂൽ നേതാക്കളുമായി താരം കടുത്ത അകൽച്ചയിലാണ് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എം.പി സ്ഥാനവും രാജിവെച്ച വിവരം പുറത്തുവരുന്നത്.
രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്ന് മനസ്സിലായതായി രാജി സ്ഥിരീകരിച്ചുകൊണ്ട് മിമി ചക്രബർത്തി പറഞ്ഞു. രാഷ്ട്രീയത്തിൽ നിങ്ങൾ എന്തുചെയ്താലും ആരെയെങ്കിലും ഉയർത്തിക്കാട്ടേണ്ടിവരും. രാഷ്ട്രീയത്തോടൊപ്പം ഞാൻ ഒരു സിനിമാ താരവുമാണ്. എനിക്ക് രണ്ടിലും ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ നിങ്ങൾ പ്രവർത്തിച്ചാലും പ്രവർത്തിക്കാതിരുന്നാലും വിമർശിക്കപ്പെടും. ഈ വിഷയത്തിൽ നേരത്തെ തന്നെ മമത ബാനർജിയുമായി സംസാരിച്ചിരുന്നു. 2022ൽ തന്നെ രാജിക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാൽ, രാജി അന്ന് മമത ബാനർജി തള്ളുകയാണ് ചെയ്തത്. ഇത്തവണ അവർ എന്തുതന്നെ പറഞ്ഞാലും രാജിയുമായി മുന്നോട്ടുപോകും -മിമി ചക്രബർത്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

