കുടുംബം തകർത്തതിനുശേഷം വിവാഹം കഴിച്ച മഹുവ മൊയ്ത്ര സ്ത്രീവിരുദ്ധ; അധിക്ഷേപിച്ച് തൃണമൂൽ എം.പി
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് മുതിർന്ന തൃണമൂൽ നേതാവും എം.പിയുമായ കല്യാൺ ബാനർജി. കൊൽക്കത്ത ലോ കോളജ് ബലാത്സംഗക്കേസിൽ താൻ നടത്തിയ പരാമർശത്തിനെതിരെ എതിർത്ത് മഹുവ രംഗത്തെത്തിയതിന് പിന്നാലെയാണ് കല്യാൺ ബാനർജി മഹുവക്കെതിരെ പരസ്യമായി തിരിഞ്ഞത്. ഒരു കുടുംബം തകർത്ത ശേഷമാണ് മഹുവ വിവാഹം കഴിച്ചതെന്നും അവരാണ് യഥാർഥ സ്ത്രീവിരുദ്ധ എന്നുമാണ് കല്യാൺ ബാനർജി പറഞ്ഞത്.
'മഹുവ ഹണിമൂൺ കഴിഞ്ഞ് ഇന്ത്യയിലേക്ക് വന്നതിന് ശേഷം എന്നോട് തർക്കിക്കാൻ വരികയാണ്. എന്നെ സ്ത്രീവിരുദ്ധൻ എന്ന് ആരോപിക്കുകയാണ്. അപ്പോൾ അവർ ആരാണ്? നാൽപത് വർഷത്തെ ഒരു വിവാഹജീവിതം തകർത്ത ശേഷമാണ് മഹുവ ഒരു 65കാരനെ വിവാഹം കഴിച്ചിരിക്കുന്നത്. അവർ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?' ഈ രാജ്യത്തെ സ്ത്രീകള്‍ തീരുമാനിക്കും അവര്‍ കുടുംബം തകര്‍ത്തോ ഇല്ലയോ എന്ന്’’ എന്നാണ് കല്യാൺ ബാനർജി ചോദിച്ചത്.
ധാര്‍മികത പാലിക്കാത്തതിന് പാര്‍ലമെന്റില്‍നിന്നു പുറത്താക്കപ്പെട്ട എം.പിയാണ് തന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നതെന്നും കല്യാൺ ബാനർജി വിമർശിച്ചു.
അടുത്തിടെയായിരുന്നു ബി.ജെ.ഡി നേതാവ് പിനാകി മിശ്രയുടെയും മഹുവയുടെയും വിവാഹം. ഇതു പരാമർശിച്ചായിരുന്നു കല്യാൺ ബാനർജി മഹുവ മൊയ്ത്രയെ വ്യക്തിപരമായി അധിക്ഷേപിച്ച് രംഗത്തെത്തിയത്.
കൊൽക്കത്ത ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിൽ കല്യാൺ ബാനർജി നടത്തിയ പ്രതികരണമാണ് വലിയ വിവാദമായത്. ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്ത് ചെയ്യാൻ കഴിയും എന്നായിരുന്നു കല്യാൺ ബാനർജിയുടെ പരാമർശം. ഇതിനെതിരെ മഹുവ പരോക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. 'ഇന്ത്യയിലെ സ്ത്രീവിരുദ്ധതക്ക് രാഷ്ട്രീയപാർട്ടി ഭേദമില്ല. എന്നാൽ തൃണമൂൽ വ്യത്യസ്തരാകുന്നത്, ആര് ഇത്തരത്തിൽ പരാമർശങ്ങൾ നടത്തിയാലും ഞങ്ങൾ അതിനെ തള്ളിപ്പറയും എന്നതാണ്' എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.
തൃണമൂൽ എം.എൽ.എ മദൻ മിത്രയും ഇത്തരത്തിൽ ഒരു വിവാദ പരാമർശം നടത്തിയിരുന്നു. ഇരുവരുടെയും പരാമർശങ്ങളെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരുന്നു. പരാമർശങ്ങൾ നടത്തിയത് സ്വന്തം നിലയിലാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും, അപലപിക്കുകയാണെന്നുമായിരുന്നു പാർട്ടി പറഞ്ഞത്. ഒരുതരത്തിലും ഇത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും 'എക്സ്' പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും ഏറ്റവും ശക്തമായ ശിക്ഷ തന്നെ പ്രതികൾക്ക് കേസുകളിൽ ലഭിക്കണമെന്നും തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

