Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിത്തറയിളകി തൃണമൂൽ കോൺഗ്രസ്; ക്രിമിനൽ കേസുകളിൽ നിരവധി കൗൺസിലർമാരും നേതാക്കളും അറസ്റ്റിൽ

text_fields
bookmark_border
Mahesh Kumar Sharma
cancel
camera_alt

അറസ്റ്റിലായ മഹേഷ് കുമാർ ശർമ 

കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ നിരവധി തൃണമൂൽ നേതാക്കളും കൗൺസിലർമാരും അറസ്റ്റിലായി. കൊള്ളയടിക്കൽ, വഞ്ചന, ക്രിമിനൽ ഗൂഡാലോചന, ഭീഷണിപ്പെടുത്തൽ, സ്വത്ത് തർക്കങ്ങൾ തുടങ്ങിയ കുറ്റങ്ങളിൽ നിരവധി കൗൺസിലർമാരെയും പാർട്ടി വക്താക്കളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറയുന്നു.

കൊൽക്കത്ത കോർപറേഷനിലെ കൗൺസിലറായ മഹേഷ് കുമാർ ശർമ്മയുടേതാണ് ഏറ്റവും പുതിയ അറസ്റ്റ്. 2025 ജനുവരി ഏഴിന് രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ, പിടിച്ചുപറി, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ നിരവധി വകുപ്പുകൾ പ്രകാരമാണ് ശർമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്.

മറ്റൊരു കേസിൽ നർക്കൽഡംഗ പ്രദേശത്തെ തൃണമൂൽ കൗൺസിലറായ സച്ചിൻ സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പാർക്കിങ് ഓപ്പറേറ്റർമാരിൽ നിന്നും മറ്റ് പ്രാദേശിക സ്ഥാപനങ്ങളിൽ നിന്നും സിങ് പണം പിരിച്ചെടുക്കുകയും വികസന പദ്ധതികൾക്ക് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കേസ്. ഭീഷണിപ്പെടുത്തൽ, ആക്രമണം എന്നീ കുറ്റങ്ങളും സിങ്ങിനെതിരെ ചുമത്തിയിട്ടുണ്ട്.

കൊൽക്കത്ത മുനിസിപ്പൽ കോർപറേഷനിലെ മ​റ്റൊരു കൗൺസിലറായ സുദീപ് പോളിയെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവ വികാസങ്ങൾ. അലിപ്പോറിലെ കോടതിയിൽ ഹാജരാക്കിയപ്പോൾ സുദീപ് പോളിക്ക് നേരെ പ്രതിഷേധക്കാർ മുട്ടയും ചെരിപ്പും എറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സ്ത്രീയെ ഉപദ്രവിച്ചതിനും വർഷങ്ങളോളം അവരുടെ സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് തൃണമൂൽ കോൺഗ്രസ് വക്താവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ജയ് പ്രകാശ് മജുംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 12 വർഷം മുമ്പ് വീട്ടിൽ വാടകക്കാരനായി എത്തിയ മജുംദാർ പിന്നീട് പണം നൽകാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി.

തൃണമൂൽ കോൺഗ്രസിന്റെ എം.പിമാർ മുതൽ പ്രാദേശിക നേതാക്കൾ വരെ അഴിമതി, കൈക്കൂലി കേസുകൾ നേരിടുന്ന സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലാപവും രൂക്ഷമായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ പിളർപ്പിലേക്കുവരെ ഇത് നയിച്ചു. വ്യാജ ഒപ്പ് വിവാദം, എം.പി അഭിഷേക് ബാനർജിക്കെതിരായ അന്വേഷണം, പാർട്ടിയിൽനിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതുമെല്ലാം തൃണമൂലിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. 1998 ജനുവരി ഒന്നിന് കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞതിനുശേഷം മമതാ ബാനർജി സ്ഥാപിച്ച 28 വർഷം പഴക്കമുള്ള പാർട്ടിയാണ് 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ പിളർന്നത്. തൃണമൂലിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികളിലൊന്നായി ഇത് മാറുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trinamool Congress several councilors and leaders arrested in criminal cases
Next Story