തൃണമൂൽ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി: അതൃപ്തി എം.പിമാരിലേക്കും
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി പാർലമെന്റിലേക്കും വ്യാപിക്കുന്നു. വിമത എം.എൽ.എമാരുടെ ഗ്രൂപ്പുമായി 23 എം.പിമാർ ബന്ധപ്പെട്ടെന്ന വിവരം പുറത്തുവന്നതോടെ പാർട്ടിയുടെ പാർലമെന്ററി വിഭാഗത്തിൽ പിളർപ്പിനുള്ള സാധ്യത കൂടുകയാണ്.
നേതൃനിരയിലെ അസ്വസ്ഥത പാർലമെന്റിൽ ഒരു പ്രത്യേക ബ്ലോക്ക് രൂപവത്കരിക്കാനുള്ള സാധ്യതകളിലേക്ക് നീങ്ങുന്നുണ്ട്. ഒരു ഡസനിലേറെ എം.പിമാരാണ് ആദ്യ ഘട്ടത്തിൽതന്നെ ഈ നീക്കത്തെ അനുകൂലിക്കുന്നത്. വിമത വിഭാഗത്തിന് നേതൃത്വം നൽകുന്നത് മുതിർന്ന എം.പിയാണെന്നാണ് റിപ്പോർട്ട്.
ലോക്സഭയിൽ ടി.എം.സിക്ക് 29 എം.പിമാരുണ്ട്. അതേസമയം, സഭയിൽ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കാൻ കൂറുമാറ്റ നിരോധന നിയമ വ്യവസ്ഥകൾ പ്രകാരം 22 എം.പിമാരെങ്കിലും വേണം. രാജ്യസഭയിൽ, പാർട്ടിക്ക് 13 അംഗങ്ങളാണുള്ളത്. അവിടെ സമാന അംഗീകാരത്തിനുള്ള പരിധി ഒമ്പതാണ്.
വിമത നേതാവ് ഋതബ്രത ബാനർജി ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായില്ല. കാത്തിരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘‘കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഒരു പാർലമെന്റ് അംഗവുമായും ഞാൻ സംസാരിച്ചിട്ടില്ല. അതിനാൽ അവരുടെ നിലപാട് പറയാൻ എനിക്ക് കഴിയില്ല. നാളെ എന്ത് സംഭവിക്കുമെന്നും പറയാനാവില്ല. കാത്തിരിക്കൂ. കാര്യമായത് സംഭവിക്കാം’’ -എന്നാണ് അദ്ദേഹം പറഞ്ഞത്.
നിയമസഭയിലെ അസ്വസ്ഥത പാർലമെന്റിലേക്കും വ്യാപിക്കുമെന്നാണ് മുതിർന്ന രാജ്യസഭ എം.പി സുഖേന്ദു ശേഖർ റോയ് പരസ്യമായി പ്രതികരിച്ചത്. ‘‘ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ 60 എം.എൽ.എമാർ പാർട്ടി വിടുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല. ലോക്സഭയിലും സമാനമായ പ്രതികരണം ഉണ്ടാകാൻ സാധ്യതയുണ്ട്’’-റോയ് പറഞ്ഞു.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് കൂടുതൽ പ്രതിസന്ധി ഉരുണ്ടുകൂടുന്നത്. ഭൂരിഭാഗം എം.എൽ.എമാർ ഋതബ്രത ബാനർജിയുടെ നേതൃത്വത്തെയാണ് വിശ്വാസത്തിലെടുത്തത്. ഇവർക്കെല്ലാം പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയോടാണ് വലിയ അതൃപ്തി. ഇക്കാര്യം അഭിഷേകിനോട് തുറന്നുപറഞ്ഞെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

