തെരഞ്ഞെടുപ്പ് കമീഷൻ യഥാർത്ഥത്തിൽ അതുതന്നെയാണോ? അതോ ബി.ജെ.പിയുടെ ബ്രാഞ്ച് ഓഫിസോ?- വിമർശനവുമായി തൃണമൂൽ
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷൻ യഥാർഥത്തിൽ അതു തന്നെ ആണോ അതോ ബി.ജെ.പിയുടെ യുടെ ബ്രാഞ്ച് ഓഫിസാണോ എന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയോൺ. തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെ നാസി നയവുമായും അദ്ദേഹം താരതമ്യം ചെയ്തു. ബംഗാളിൽ ബി.ജെ.പിയെ സഹായിക്കാനുള്ള തന്ത്രമാണ് കമീഷൻ നടത്തുന്നതെന്നും ഒബ്രിയോൺ ആരോപിച്ചു.
‘2021ലെ ബംഗാൾ തെരഞ്ഞെടുപ്പിനു മുമ്പ്, അവർ സി.എ.എ അവതരിപ്പിച്ചു. പക്ഷേ, സംസ്ഥാനത്ത് ബി.ജെ.പി പരാജയപ്പെട്ടു. ഇപ്പോൾ 2026ലെ തെരഞ്ഞെടുപ്പിനു മുമ്പ് അവർ സമാനമായ ശ്രമത്തിലാണെന്നും കാര്യങ്ങൾ അവർക്ക് അനുകൂലമാക്കാനുള്ള തീവ്രമായ ശ്രമമാണിതെന്നും ശനിയാഴ്ച ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ തൃണമൂൽ പാർട്ടിയുടെ രാജ്യസഭാ നേതാവ് പറഞ്ഞു.
‘ഇത് ഭയപ്പെടുത്തുന്ന തന്ത്രമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബംഗാളിൽ നടന്ന 11 ഉപതിരഞ്ഞെടുപ്പുകളിൽ ഞങ്ങൾ വൻ ഭൂരിപക്ഷത്തോടെ ഏഴ് സീറ്റുകൾ നേടി. ബി.ജെ.പിക്ക് വിജയിച്ചതോ മുന്നിലുണ്ടായിരുന്നതോ ആയ സീറ്റുകൾ നഷ്ടമായി. ബംഗാളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരുടെ പ്രശ്നം മമത ചൂണ്ടിക്കാണിച്ചതിന് ശേഷം ഏപ്രിൽ 30ഓടെ പ്രശ്നം പരിഹരിക്കുമെന്ന് ഇ. സി പ്രഖ്യാപിച്ചു. ഇ.സി എന്താണ് പരിഹരിച്ചതെന്ന് ഞങ്ങൾക്ക് അറിയണം. ഞങ്ങൾ അപ്പോയിന്റ്മെന്റുകൾ ആവശ്യപ്പെട്ടു. പക്ഷേ അവ നിഷേധിക്കപ്പെട്ടുവെന്നും ഒബ്രിയോൺ അവകാശപ്പെട്ടു.
1935ൽ നാസി ജർമനിയുടെ കീഴിലേതിനു സമാനമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ച വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം എന്നും തൃണമൂൽ നേതാവ് ആരോപിച്ചു. ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് അയച്ച കത്തിൽ കമീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു. ഇത് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.സി.ആർ) മറ്റൊരു വഴിയിലൂടെ കൊണ്ടുവരുമെന്ന ഭയത്തിന് കാരണമാക്കി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പെട്ടെന്ന് ഈ വിഷയം ഏറ്റെടുക്കുകയും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളാണ് ലക്ഷ്യമെന്ന് അവകാശപ്പെടുകയും ചെയ്തു.
1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിവിധ തലത്തിലുള്ള രേഖാ പരിശോധനകൾ ഇ.സി നിർബന്ധമാക്കിയിട്ടുണ്ട്. മാതാപിതാക്കളുടെ ജനനത്തീയതിയും ജനന സ്ഥലവും സംബന്ധിച്ച രേഖാമൂലമുള്ള തെളിവ് ഉൾപ്പെടെ വോട്ടർമാർ നൽകേണ്ട അധിക ഡാറ്റയോടൊപ്പം ബൂത്ത് ലെവൽ ഓഫിസർമാർക്ക് മുൻകൂട്ടി പൂരിപ്പിച്ച എണ്ണൽ ഫോമുകൾ നൽകും. 1987 ജൂലൈ 1 ന് ശേഷം ജനിച്ചവർക്ക് ഇത് നിർബന്ധമാണ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ തിരഞ്ഞെടുപ്പ് കമീഷൻ ഈ പ്രചാരണവുമായി മുന്നോട്ട് പോയി. ഈ നീക്കത്തിന് പിന്നിൽ ബി.ജെ.പിക്ക് സംശയാസ്പദമായ ഒരു ലക്ഷ്യമുണ്ടെന്ന് തൃണമൂൽ പാർട്ടിക്കും സംസ്ഥാനത്തെ ബി.ജെ.പി വിരുദ്ധ പാർട്ടികൾക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഒബ്രിയോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

