ദുർമന്ത്രവാദം ആരോപിച്ച് ആദിവാസിസ്ത്രീയെ കൊന്നു
text_fieldsസൂറത്ത്: ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് ഗുജറാത്തിൽ ആദിവാസിസ്ത്രീയെ മന്ത്രവാദിയുടെ നേതൃത്വത്തിൽ ഗ്രാമീണർ ഭേദ്യംചെയ്ത് കൊന്നു. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാങ് ജില്ലയിലെ കടമാൽ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാട്ടിൽ രോഗം പരക്കുന്നത് ദുർമന്ത്രവാദം കാരണമാണെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങൾക്കു മുമ്പ് ഏതാനും ഗ്രാമീണർ രംഗത്തെത്തിയിരുന്നു. തുടർന്ന് ഇത് ചെയ്തവരെ കണ്ടെത്താൻ മന്ത്രവാദിയെ കൊണ്ടുവന്ന് പൂജകൾ നടത്തി. ദുർമന്ത്രവാദം ചെയ്തവരെന്ന് മന്ത്രവാദി ‘കണ്ടെത്തിയ’ പരുബെൻ പവാർ (50), ഭർത്താവ് ജനാബായ് പവാർ (55), അനബെൻ പവാർ (45), നാച്ജിബെൻ ഭിസാര (50), രജ്യുബെൻ ഭിസാര (51) എന്നിവരെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ഭേദ്യം ചെയ്യുകയായിരുന്നു.
പഴുപ്പിച്ച കമ്പിവടി കൈയിലും മറ്റു ശരീര ഭാഗങ്ങളിലും വെക്കുകയും തീക്കനലിൽകൂടി നടത്തിക്കുകയും ചെയ്തു. ഗ്രാമീണർ മുഴുവൻ നോക്കിനിൽക്കെയായിരുന്നു ഇൗ ക്രൂരത. ‘ആഭിചാരക്കാർ’ അവശരായപ്പോഴാണ് വീട്ടിലേക്ക് കൊണ്ടുപോകാൻ മന്ത്രവാദിയും കൂട്ടരും അനുവദിച്ചത്. ഇതിനിടെ ഗുരുതര പരിക്കേറ്റ പരുബെൻ മരിച്ചു. മറ്റു നാലുപേരെ ആദ്യം അഹ്വ സർക്കാർ ആശുപത്രിയിലും പിന്നീട് വൽസാദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
