മോഷണക്കുറ്റം ആരോപിച്ച് ആദിവാസി ബാലികയെ മുഖത്തടക്കം ചട്ടുകം വെച്ച് പൊള്ളിച്ചു; ആന്ധ്രയിൽ 5 പേർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ 10 വയസ്സുള്ള ഒരു ആദിവാസി പെൺകുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് ചൂടുള്ള ചട്ടുകം വെച്ച് മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും പൊള്ളലേൽപിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. ഗുരുതരമായി പൊള്ളലേറ്റ കുട്ടി സുഖം പ്രാപിച്ചുവരികയാണ്.
അയൽക്കാരന്റെ മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുവായ മണികലയും അവളുടെ അയൽക്കാരും ഒരു ജ്യോത്സ്യന്റെ നിർദേശപ്രകാരം കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. ഫോൺ മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ലെന്ന് കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് . മുഖത്തും ശരീരത്തിലും നിരവധി പൊള്ളലേറ്റ പാടുകൾ അവർ കണ്ടെത്തി. നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും കുട്ടിയെ സർക്കാർ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയിൽ പെൺകുട്ടി കണ്ണീരോടെ നിൽക്കുന്നതായി കാണാം. തന്റെ നിരപരാധിത്വം ആവർത്തിച്ചു പറഞ്ഞിട്ടും ബലമായി പിടിച്ചുവെച്ച് പീഡിപ്പിച്ചുവെന്ന് കുട്ടി വിശദീകരിക്കുന്നു. ഒരിക്കലും അയൽക്കാരന്റെ വീട്ടിൽ കയറിയിട്ടില്ലെന്നും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും പെൺകുട്ടി വിഡിയോയിലും ആവർത്തിച്ച് പറയുന്നുണ്ട്.
സംഭവത്തിൽ മണികല ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുൾ പ്രകാരം കേസെടുത്തു. ആന്ധ്രാപ്രദേശ് വനിതാ കമീഷൻ ചെയർപേഴ്‌സൺ ശൈലജ റായപതി നെല്ലൂരിലെ അപ്പോളോ ആശുപത്രിയിൽ പെൺകുട്ടിയെ സന്ദർശിച്ചു. കുട്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം നിൽക്കുമെന്ന് വനിതാ കമീഷൻ പറഞ്ഞു. പ്രതികൾക്കെതിരെ ഉടൻ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയതായും കുട്ടികളുടെ സുരക്ഷക്കും അന്ധവിശ്വാസങ്ങളുടെ ഉന്മൂലനത്തിനും മുഴുവൻ സമൂഹവും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അവർ ‘എക്‌സി’ൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

