ന്യൂഡൽഹി: സമാജ്‍വാദി പാർട്ടി നേതാവ് അഅ്സം ഖാന്റെ ജാമ്യാപേക്ഷ കേൾക്കുന്നതിലെ മെല്ലെപ്പോക്കിൽ സുപ്രീംകോടതിക്ക് അതൃപ്തി. അഅ്സംഖാനെതിരായ 87 കേസുകളിൽ 86ലും ജാമ്യം ലഭിച്ചതായി ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവുവിന്റെയും ബി.ആർ. ഗവായിയുടെയും ബെഞ്ച് നീതിക്ക് നേരെയുള്ള പരിഹാസമാണിതെന്നും അഭിപ്രായപ്പെട്ടു. അഅ്സംഖാന്റെ ഹരജി മേയ് 11ന് പരിഗണിക്കാനായി മാറ്റി. 2020 ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് അഅ്സംഖാൻ.
അലഹബാദ് ഹൈകോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. ഒന്നൊഴികെ എല്ലാ കേസുകളിലും ഖാന് ജാമ്യം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമി കൈയേറിയെന്ന അവസാന കേസിലാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. കഴിഞ്ഞവർഷം ഡിസംബർ നാലിനാണ് ഹൈകോടതി ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ചത്. ഇതിനു ശേഷം കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി സർക്കാർ കോടതിയെ സമീപിച്ചു. 137 ദിവസങ്ങൾ കഴിഞ്ഞിട്ടും ജാമ്യാപേക്ഷയിൽ ഒരു ഉത്തരവും വന്നിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത് നീതിവ്യവസ്ഥയോടുള്ള അവഹേളനമാണ്. അധികമൊന്നും ഞങ്ങൾ പറയുന്നില്ല. വരുന്ന ബുധനാഴ്ച ഈ ഹരജി പരിഗണിക്കും -ബെഞ്ച് വ്യക്തമാക്കി.
ജാമ്യം വൈകിപ്പിക്കാൻ സംസ്ഥാന സർക്കാർ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണെന്ന് അഅ്സംഖാൻ ആരോപിക്കുന്നു.