ട്രാൻസ്ജെൻഡർ അവകാശ ഭേദഗതി ബിൽ പിൻവലിക്കണം -സുപ്രീംകോടതി സമിതി
text_fieldsന്യൂഡൽഹി: ലിംഗസ്വത്വം സ്വയം നിർണയിക്കാനുള്ള വ്യക്തികളുടെ അവകാശം നിഷേധിക്കുന്ന ‘ട്രാന്സ്ജെന്ഡര് അവകാശസംരക്ഷണ ഭേദഗതി ബിൽ- 2026’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഉപദേശക സമിതി കേന്ദ്ര സർക്കാറിന് കത്തയച്ചു. വ്യക്തികൾ സ്വയം തിരിച്ചറിഞ്ഞ ലിംഗപദവി അംഗീകരിക്കണമെന്ന 2014ലെ സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകളെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആശാ മേനോൻ അധ്യക്ഷയായ സമിതിയാണ് കേന്ദ്ര സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാറിന് കത്തയച്ചത്.
ബിൽ വലിയ ആഘാതമാണെന്നും ട്രാൻസ്ജെൻഡർ സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ലിംഗപദവി സ്വയം നിശ്ചയിക്കാനുള്ള അവകാശം നീക്കം ചെയ്ത് പകരം മെഡിക്കൽ ബോർഡിന്റെ അനുമതി കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ലിംഗമാറ്റ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ അധികാരികളെ അറിയിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാണ്.
ജനനസമയത്തെ ലിംഗവുമായി ഒത്തുപോകാത്തവരെ ട്രാൻസ്ജെൻഡർ നിർവചനത്തിൽനിന്ന് ഒഴിവാക്കിയത് തെറ്റാണ്. ഭേദഗതിയിൽ നിർദേശിച്ചിട്ടുള്ള പല കുറ്റകൃത്യങ്ങളും നിലവിൽതന്നെ ബി.എൻ.എസ്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയുടെ പരിധിയിൽ വരുന്നതാണെന്നും കത്തിൽ വിശദീകരിച്ചു. പ്രതിപക്ഷ എതിർപ്പ് മറികടന്ന് ബിൽ ചൊവ്വാഴ്ച ലോക്സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

