വൈദ്യുതി പദ്ധതി തുരങ്കത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 88 പേർക്ക് പരിക്ക്
text_fieldsഅപകടം ഉത്തരാഖണ്ഡിലെ ചമോലി
ജില്ലയിൽ
ഡറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന വിഷ്ണുഗഡ്-പിപ്പൽകോടി ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ ലോക്കോ ട്രെയിനുകൾ കൂട്ടിയിടിച്ച് 88 പേർക്ക് പരിക്ക്.
പദ്ധതിയുടെ തൊഴിലാളികളും ഉദ്യോഗസ്ഥരും സഞ്ചരിച്ച ട്രെയിനും നിർമാണവസ്തുക്കൾ കയറ്റിയ ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാത്രി 8.30ഓടെ തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രെയിനിൽ തുരങ്കത്തിൽ ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോൾ എതിർദിശയിൽ നിന്നുവന്ന ട്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു.
തൊഴിലാളികളും ഉദ്യോഗസ്ഥരും സഞ്ചരിച്ച ട്രെയിനിൽ 109 പേരുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഗോപേശ്വറിലെ ജില്ല ആശുപത്രിയിൽ എത്തിച്ച 70 തൊഴിലാളികളിൽ 66 പേരെ പ്രഥമശുശ്രൂഷക്കുശേഷം വിട്ടയച്ചു. നാലുപേർ ചികിത്സയിലാണ്. പിപ്പൽകോട്ടിയിലെ വിവേകാനന്ദ ആശുപത്രിയിൽ 18 തൊഴിലാളികൾക്കും പ്രഥമശുശ്രൂഷ നൽകി.
ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടേതല്ലെന്നും പദ്ധതിയുടെ നിർമാണം നടത്തുന്നവർ ഉപയോഗിക്കുന്ന ട്രെയിനുകളാണെന്നും റെയിൽവേ അറിയിച്ചു. അളകനന്ദ നദിയിലെ ഹെലാങ്ങിനും പിപ്പൽകോട്ടിക്കുമിടയിൽ നിർമിക്കുന്ന ജലവൈദ്യുതി പദ്ധതിയിൽ നാല് ടർബൈനുകൾ വഴി 444 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം നിർമാണം പൂർത്തീകരിക്കും. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

