യുവതിയെയും നാലു പെൺമക്കളെയും ട്രെയിനിൽനിന്ന് പുറത്തേക്കെറിഞ്ഞു; രണ്ടുപേർ മരിച്ചു
text_fieldsസീതാപുർ (യു.പി): യാത്രക്കിടെ യുവതിയെയും നാലു പെൺമക്കളെയും ട്രെയിനിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. യുവതിയും ഒരു കുട്ടിയും മരിച്ചു, മൂന്നു കുട്ടികൾക്ക് ഗുരുതര പരിക്കേറ്റു. മദ്യപിച്ച് ലക്കുകെട്ട, യുവതിയുടെ ഭർതൃസഹോദരനാണ് കൊടുംക്രൂരത ചെയ്തതെന്ന് സൂചനയുണ്ട്. അമൃത്സർ സഹാർസ ജൻസേവ എക്സ്പ്രസിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം.ബിഹാറിലെ മോതിഹാരി ജില്ലക്കാരായ ഏഴംഗ കുടുംബം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൃഹനാഥൻ ഇദ്ദു, ഭാര്യ അഫ്റീൻ, മക്കളായ റാബിയ, മുന്നി, അൽഗൺ, സലീമ, ഇദ്ദുവിെൻറ സഹോദരൻ ഇക്ബാൽ, സുഹൃത്ത് ഇസ്ഹർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
യാത്രക്കുമുമ്പ് അമിതമായി മദ്യപിച്ച ഇദ്ദുവും ഇക്ബാലും ട്രെയിനിൽ വഴക്കിട്ടുവെന്നും പ്രകോപിതനായ ഇക്ബാൽ ട്രെയിൻ മെയ്ഗാൽഗഞ്ചിലെത്തിയപ്പോൾ അമ്മയെയും തെന്നയും സഹോദരിമാരെയും പുറത്തേക്ക് എറിയുകയായിരുെന്നന്നും പരിക്കേറ്റ മൂത്ത മകൾ അൽഗൺ പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് മെയ്ഗാൽഗഞ്ച് സ്റ്റേഷനു സമീപത്തുനിന്ന് അഫ്റീെൻറ (36) മൃതദേഹം കണ്ടെടുത്തത്. ബിശ്വാൻ ടൗണിനു സമീപം രമായ്പുരിൽനിന്ന് മുന്നിയുടെ (7) മൃതദേഹവും കണ്ടെത്തി. ഗുരുതര പരിക്കേറ്റ അൽഗൺ (12), സലീമ (4), റാബിയ എന്നിവരെ സമീപപ്രദേശങ്ങളിൽനിന്നും കണ്ടെത്തി. ഇവർ ചികിത്സയിലാണ്. ഇദ്ദുവിനെയും ഇക്ബാലിനെയും പിടികൂടാനായിട്ടില്ല. ഇക്ബാലിനും സുഹൃത്ത് ഇസ്ഹറിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇവർ പഞ്ചാബിലാണ് ജോലിചെയ്യുന്നത്. കുടുംബം അമൃത്സറിൽനിന്ന് മോതിഹാരിയിലേക്ക് പോകുകയായിരുന്നു.
എന്നാൽ, സംഭവത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. കുടുംബത്തോടൊപ്പം രണ്ട് ആൺകുട്ടികൾ കൂടി ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഇവരെക്കുറിച്ച് വിവരമില്ല. അൽഗണിനു മാത്രമാണ് സംസാരിക്കാൻ കഴിയുന്നത്. ഇൗ കുട്ടിയാണ് സഹോദരന്മാർ ഉണ്ടായിരുന്നതായി പറഞ്ഞത്. ജനറൽ കമ്പാർട്ട്മെൻറിലാണ് കുടുംബം യാത്രചെയ്തത്. യുവതിയെയും മക്കളെയും പുറത്തേെക്കറിയുന്നത് മറ്റു യാത്രക്കാർ ആരും കാണാതിരുന്നതും ദുരൂഹമാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
