ട്രെയിൻ ബുക്കിങ്: ഐ.ആർ.സി.ടി.സിയോ, റെയിൽവണ്ണോ? ആശയക്കുഴപ്പങ്ങൾ വേണ്ട; വ്യത്യാസങ്ങൾ ഇതാ
text_fieldsകോഴിക്കോട്: ട്രെയിൻ ടിക്കറ്റ് ബുക്കിങിനായി നമ്മൾ ആശ്രയിച്ചിരുന്ന ഐ.ആർ.സി.ടി.സി ആപ്പിന് വലിയൊരു വെല്ലുവിളിയുമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ 'സൂപ്പർ ആപ്പ്' റെയിൽവൺ ടിക്കറ്റ് ബുക്കിങ് മുതൽ പരാതി പരിഹാരം വരെ എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്ന ഈ ആപ്പ് ഇതിനകം യാത്രക്കാർക്കിടയിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു. ഐ.ആർ.സി.ടി.സിയും റെയിൽവണ്ണും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാം.
എന്താണ് റെയിൽവൺ
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഓൾ-ഇൻ-വൺ പ്ലാറ്റ്‌ഫോമാണിത്. ഐആർസിടിസി (ടിക്കറ്റ്), യു.ടി.എസ് (ജനറൽ ടിക്കറ്റ്), എൻ.ടി.ഇ.എസ് (ട്രെയിൻ വിവരങ്ങൾ), റെയിൽ മദദ് (പരാതികൾ) എന്നിവയെല്ലാം കൂട്ടിയിണക്കിയാണ് റെയിൽവൺ ഒരുക്കിയിരിക്കുന്നത്.
പ്രധാന വ്യത്യാസങ്ങൾ ഇങ്ങനെ:
എല്ലാ ടിക്കറ്റുകളും ഒരിടത്ത്: ഐ.ആർ.സി.ടി.സി പ്രധാനമായും റിസർവ്ഡ് ടിക്കറ്റുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ റെയിൽവണ്ണിലൂടെ നിങ്ങൾക്ക് റിസർവ്ഡ് ടിക്കറ്റിന് പുറമെ ജനറൽ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യാൻ സാധിക്കും. നേരത്തെ ഇതിനായി പ്രത്യേക ആപ്പുകൾ ആവശ്യമായിരുന്നു.
ആധുനിക സൗകര്യങ്ങൾ: ആധുനികമായ ഡിസൈനും എളുപ്പമുള്ള ഇന്റർഫേസും റെയിൽവണ്ണിന്റെ പ്രത്യേകതയാണ്. ഒപ്പം സിംഗിൾ സൈൻ-ഓൺ സംവിധാനം വഴി ഒരു ലോഗിൻ ഉപയോഗിച്ച് എല്ലാ സേവനങ്ങളും ഉപയോഗിക്കാം. ആർ-വാലറ്റ് സംവിധാനം വഴി പേയ്‌മെന്റുകൾ കൂടുതൽ സുഗമമാക്കുന്നു. പരാതി പരിഹാരവും ഭക്ഷണവും: റെയിൽ മദദ് വഴിയുള്ള പരാതികൾ നേരിട്ട് ആപ്പിനുള്ളിൽ തന്നെ നൽകാം. ഭക്ഷണ ഓർഡർ, കോച്ച് പൊസിഷൻ കണ്ടെത്തൽ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
തത്കാൽ ടിക്കറ്റ് ബുക്കിങ്: തത്കാൽ ടിക്കറ്റ് ബുക്കിങ് പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഇപ്പോഴും ഐ.ആർ.സി.ടി.സി ആപ്പിനാണ് മുൻതൂക്കം. റെയിൽവൺ വേഗമേറിയതാണെങ്കിലും ചില സാങ്കേതിക തകരാറുകളും പേയ്‌മെന്റ് പ്രശ്നങ്ങളും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏതാണ് നിങ്ങൾക്ക് അനുയോജ്യം?
യാത്രയുടെ എല്ലാ ആവശ്യങ്ങൾക്കും ഒരൊറ്റ ആപ്പ് മതിയെന്നും ജനറൽ ടിക്കറ്റുകൾ അടക്കം ഫോണിൽ തന്നെ ബുക്ക് ചെയ്യണമെന്നും ആഗ്രഹിക്കുന്നവർക്ക് റെയിൽവൺ മികച്ച തെരഞ്ഞെടുപ്പാണ്. എന്നാൽ റിസർവേഷൻ ടിക്കറ്റുകൾക്ക് മാത്രം പ്രാധാന്യം നൽകുകയും പരീക്ഷണങ്ങൾ ഒഴിവാക്കി പഴയ വിശ്വാസ്യതയിൽ തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് ഐ.ആർ.സി.ടി.സി തന്നെ തുടരാം. എന്തായാലും, സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയിൽവേ യാത്ര കൂടുതൽ ഡിജിറ്റലാക്കി മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. വരും ദിവസങ്ങളിൽ റെയിൽവൺ കൂടുതൽ മെച്ചപ്പെടുമെന്നും കൂടുതൽ പേർ ഇതിലേക്ക് മാറുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

