‘ഡല്‍ഹി ചലോ’ സമരത്തിനായി സി.പി.ഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; മുൻകൂർ തുക തിരിച്ചുനൽകി റെയിൽവേ; സമരം പൊളിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി ചലോ സമരത്തിനായി സി.പി.ഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി റെയില്‍വേ. മുൻകൂറായി നൽകിയ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കി. സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിലാണ് സമരം നിശ്ചയിച്ചിരുന്നത്.
തിരക്ക് മൂലം യാത്ര പ്രതിസന്ധിയിലായതോടെ ഒരു ട്രെയിന്‍ തന്നെ വാടകക്കെടുക്കാന്‍ പാർട്ടി തീരുമാനിക്കുകയായിരുന്നു. 22 ബോഗികളുള്ള ട്രെയിനാണ് ബുക്ക് ചെയ്തത്. ഇതിനുപിന്നാലെയാണ് റെയില്‍വേയുടെ നടപടി. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധ റാലി നടത്താനായിരുന്നു സി.പി.ഐ തീരുമാനം. ഇതിന്റെ ഭാഗമായി കേരളത്തില്‍നിന്ന് വലിയ തോതില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയില്‍ എത്തിക്കുന്നതിനാണ് ട്രെയിൻ ബുക്ക് ചെയ്തത്. ഏകദേശം 1400ലധികം പ്രവര്‍ത്തകരും വളന്റിയര്‍മാരും കര്‍ഷക-തൊഴിലാളി സംഘടനാ പ്രതിനിധികളും ഡല്‍ഹിയില്‍ എത്തിച്ചേരുമെന്നായിരുന്നു സി.പി.ഐ കണക്കുകൂട്ടിയിരുന്നത്.
ആഗസ്റ്റ് 29ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ആഗസ്റ്റ് 31ന് ഡല്‍ഹിയിലെത്തും. സമരത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിന് ഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ നാലിന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന തരത്തിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. 18 തേര്‍ഡ് ക്ലാസ് എസി കമ്പാര്‍ട്ട്‌മെന്റുകളും രണ്ട് നോണ്‍ എസി ബോഗികളുമുള്ള ട്രെയിനാണ് പാര്‍ട്ടി നേതൃത്വം ബുക്ക് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നുള്ള ആളുകളെ എത്തിക്കാന്‍ മറ്റു രണ്ട് ട്രെയിനുകളും സി.പി.ഐ ബുക്ക് ചെയ്തിരുന്നു. നിലവില്‍ ഇവയെല്ലാം റദ്ദാക്കിയെന്നാണ് വിവരം. സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു
ട്രെയിനിൽ ദില്ലിയിൽ പോകാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി 10 ലക്ഷം രൂപ റെയിൽവേക്ക് നൽകിയിരുന്നു. എന്നാൽ ഇന്നലെ ആ തുക ബാങ്കിൽ തിരികെ വന്നു. ഏതോ ഒരു അക്കൗണ്ടിൽ നിന്നാണ് 10 ലക്ഷം രൂപ വന്നതെന്നും പ്രത്യേക ട്രെയിൻ റദ്ദാക്കിയ അറിയിപ്പ് കിട്ടിയത് ഇന്നലെ ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ മുന്നോട്ട് പോകാൻ ആണ് തീരുമാനമെന്നും സാധ്യമായ എല്ലാ വഴിയിൽ കൂടിയും ദില്ലിയിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യമായാണ് കേരളത്തിൽനിന്നൊരു രാഷ്ട്രീയപാർട്ടി തീവണ്ടി വാടകക്കെടുത്ത് സമരത്തിന് പോകാനിരുന്നത്. വിലക്കയറ്റം അവസാനിപ്പിക്കുക, യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക പൊതുജനാരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുക, വനിതാ സംവരണം ഉടനടി നടപ്പിലാക്കുക, താങ്ങുവിലക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ദലിതർക്കും ഗോത്ര വിഭാഗങ്ങൾക്കും നീതി ലഭ്യമാക്കുക, അതിക്രമങ്ങളും കുടിയിറക്കലും അവസാനിപ്പിക്കുക എന്നീ എട്ട് ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

