ബംഗളൂരു: ട്രെയിനിലെ എ.സി തകരാറായതിനെ തുടർന്ന് മൂന്നു മണിക്കൂറോളം ദുരിതമനുഭവിച്ച യാത്രക്കാരന് 12,000 രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമീഷെൻറ വിധി. മൈസൂരു സ്വദേശി ഡോ. എസ്. ശേഖറാണ് പരാതിക്കാരൻ.
2015 മാർച്ച് ഒമ്പതിന് ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് ടിപ്പു സൂപ്പർഫാസ്റ്റ് ട്രെയിനിൽ യാത്രചെയ്യവെയാണ് സംഭവം. ഇദ്ദേഹം സി ഒന്ന് കോച്ചിലാണ് യാത്രചെയ്തത്. കയറിയ ഉടൻതന്നെ എ.സി പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായി. തുടർന്ന് മെക്കാനിക്കിനെ വിവരമറിയിച്ചു. 58കാരനായ തനിക്ക് മൂന്നു മണിക്കൂർ വീർപ്പുമുട്ടലോടെ യാത്രചെയ്യേണ്ടിവന്നെന്ന് ശേഖർ പരാതിയിൽ ആരോപിച്ചു.
അതേസമയം, ധാർവാഡിൽനിന്ന് ബംഗളൂരു വരെ എ.സി പ്രവർത്തിച്ചിരുന്നുവെന്നും ബംഗളൂരു-മൈസൂരു റൂട്ടിൽ വെച്ചുണ്ടായ തകരാർ വേഗം പരിഹരിക്കാനാവാത്തതായിരുന്നെന്നും റെയിൽവേ ബോധിപ്പിച്ചു. ആദ്യം ജില്ല ഉപഭോക്തൃ ഫോറത്തിലാണ് പരാതി നൽകിയത്. അവിടെ 3000 രൂപ നഷ്ടപരിഹാരവും 2000 രൂപ പിഴയും ഇൗടാക്കാൻ ഉത്തരവിട്ടു. എന്നാൽ, 15,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമീഷനെ സമീപിക്കുകയായിരുന്നു.