പിസ്സ ഡെലിവറിക്കിടെ ദാരുണാന്ത്യം; ഹൈദരാബാദ് സ്വദേശിയായ യുവാവ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു, കെണിയൊരുക്കിയെന്ന് കുടുംബം
text_fieldsകൊല്ലപ്പെട്ട അൻഷുൽ കുഞ്ച (ഫോട്ടോ: റിപ്പോർട്ടർ)
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറി നടത്തുന്നതിനിടെ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായി കെണിയൊരുക്കിയാണ് അൻഷുലിനെ അക്രമികൾ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഫിലാഡൽഫിയയിലെ ഒരു പ്രമുഖ മൾട്ടിനാഷനൽ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു അൻഷുൽ. എന്നാൽ, വാരാന്ത്യങ്ങളിൽ വരുമാനം കണ്ടെത്തുന്നതിനായി ഇദ്ദേഹം പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം രാത്രി വൈകി ഒരു ഓർഡർ ഡെലിവറി ചെയ്തതിന് തൊട്ടുപിന്നാലെയാണ് അൻഷുലിന് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. അക്രമികൾ അൻഷുലിന് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.
ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് അൻഷുലിന്റെ സഹോദരി തൻവി വ്യക്തമാക്കുന്നത്. ആരും താമസിക്കാത്ത, ആളൊഴിഞ്ഞ ഒരു പ്രദേശത്തേക്കാണ് പിസ്സ ഡെലിവറി ചെയ്യാനായി അൻഷുലിനെ വിളിച്ചുവരുത്തിയത്. 'എന്റെ സഹോദരന്റെ തലക്ക് മൂന്ന് തവണ വെടിയേറ്റതായാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. വെടിവെച്ച ശേഷം അക്രമികൾ അവനെ റോഡിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു,' തൻവി പറഞ്ഞു.
ഇതൊരു കവർച്ചാ ശ്രമമല്ലെന്നാണ് കുടുംബം വിശ്വസിക്കുന്നത്. അൻഷുലിന്റെ പക്കൽ നിന്നു വിലപിടിപ്പുള്ള വസ്തുക്കളോ പണമോ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. 'അവനെയൊരു കെണിയിൽ പെടുത്തുകയായിരുന്നു. കൊലപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിലൂടെ അവർക്ക് എന്താണ് ലഭിച്ചതെന്നോ, അവരുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്നോ എനിക്കറിയില്ല. അവർ എന്റെ സഹോദരന്റെ ജീവനെടുത്തു,' വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
അമേരിക്കൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, കറുത്ത മാസ്കും ബാക്ക്പാക്കും ധരിച്ച രണ്ട് തോക്കുധാരികളായ അക്രമികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. നിലവിൽ കൊലപാതകത്തിന് പിന്നിലെ കൃത്യമായ സാഹചര്യങ്ങളോ അക്രമികളുടെ എണ്ണമോ പൂർണമായി വ്യക്തമല്ല. യു.എസ് പൊലീസ് സംഭവം അന്വേഷിച്ചുവരികയാണ്.
അൻഷുൽ കുഞ്ചയുടെ ദാരുണമായ മരണം ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. ഫിലാഡൽഫിയയിൽ വെച്ചുണ്ടായ ഇന്ത്യൻ പൗരന്റെ അകാല വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതായി കോൺസുലേറ്റ് 'X' മാധ്യമത്തിലൂടെ അറിയിച്ചു. കുടുംബാംഗങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും, ആവശ്യമായ എല്ലാത്തരം സഹായങ്ങളും ഉറപ്പാക്കുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
അൻഷുലിന്റെ വിയോഗത്തിൽ തകർന്നുപോയ കുടുംബം നീതിക്കായുള്ള പോരാട്ടത്തിലാണ്. അൻഷുലിന്റെ ഭൗതികശരീരം എത്രയും വേഗം ഹൈദരാബാദിൽ എത്തിക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ സഹോദരി തൻവി ആവശ്യപ്പെട്ടു.
വരുന്ന തിങ്കളാഴ്ചയോടെ ഭൗതികശരീരം വിട്ടുനൽകുമെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന ഔദ്യോഗിക വിവരം. തങ്ങൾക്ക് ആരെയും വ്യക്തിപരമായി സംശയമില്ലെന്നും, എന്നാൽ, സഹോദരന്റെ കൊലപാതകത്തിന് പിന്നിലെ നിഗൂഢത പുറത്തുകൊണ്ടുവന്ന് നീതി ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

