നീതി തേടി ബിൽകിസ് ബാനുവിെൻറ യാത്ര
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്തിലെ ഗോധ്ര അനന്തരകലാപങ്ങളിൽ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ബിൽകിസ് ബാനു ബലാത്സംഗക്കേസ്. 15 വർഷമായി ബിൽകിസ് ബാനു നീതി തേടി പ്രാദേശിക പൊലീസ്, സന്നദ്ധസംഘടന, സി.ബി.െഎ, കോടതികൾ എന്നിവയുടെ സഹായം തേടുന്നു. മാർച്ച് മൂന്നിന് 19കാരിയായ ബിൽകിസ് ബാനുവും കുടുംബവും ഒരു ട്രക്കിൽ രക്ഷപ്പെടുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയായ ബിൽകിസിനൊപ്പം രണ്ട് വയസ്സുകാരിയായ മകളുൾെപ്പടെ 17 പേരുണ്ടായിരുന്നു. ട്രക്ക് ആക്രമിച്ച സായുധസംഘം അവളെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ അവരുടെ മകളും മാതാവ് ഹലിമയും ബന്ധു ഷമീമും ഉൾപ്പെടുന്നു. ആക്രമികൾക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് ബിൽകിസ് പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, കേസെടുക്കാൻ തയാറാകാഞ്ഞ പൊലീസ് നടപടിയുമായി മുന്നോട്ടുപോയാൽ കടുത്ത പരിണിതഫലങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവർ 2003 ഡിസംബറിൽ ദേശീയ മനുഷ്യാവകാശ കമീഷനെയും സുപ്രീംകോടതിയെയും സമീപിച്ചു.
2004 ജനുവരിയിൽ പരാതിയിൽ പറയുന്നവരെയെല്ലാം സി.ബി.െഎ അറസ്റ്റ് ചെയ്തു. സംഭവത്തിൽ സുപ്രീംകോടതി സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടയിലും അവളും കുടുംബാംഗങ്ങളും ഭീഷണി നേരിടേണ്ടിവന്നു. തുടർന്ന് കേസ് ഗുജറാത്തിന് പുറത്തേക്ക് മാറ്റാൻ അവർ കോടതിയോടാവശ്യപ്പെട്ടു. 2004 ആഗസ്റ്റിൽ സുപ്രീംകോടതി കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റി. മുംബൈ കോടതിയിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരും ഒരു സർക്കാർ ഡോക്ടറുമുൾപ്പെടെ 19 പേർക്കെതിരെയായിരുന്നു കേസ്. 2008 ജനുവരിയിൽ അവരിൽ 11 പേർക്ക് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ജീവപര്യന്തം ശിക്ഷ ലഭിച്ചു. സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചെന്നുകരുതുന്ന ജസ്വന്ത്ഭായ് നായ്, ഗോവിന്ദ്ഭായ് നായ്, രാധേശാം ഷാ എന്നിവർക്ക് വധശിക്ഷ നൽകണമെന്ന് 2011 ജൂലൈയിൽ സി.ബി.െഎ ആവശ്യപ്പെട്ടിരുന്നു. 11 പേരും വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകി. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ ബോംബെ ഹൈകോടതി 2016 സെപ്റ്റംബറിൽ തള്ളി. വിചാരണകോടതി നൽകിയ ശിക്ഷ ബോംബെ ഹൈകോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
