ജൂലൈ 31 മുതൽ തമിഴ്‌നാട്ടിൽ ചിക്കൻ വിൽപ്പന നിർത്തിവെക്കാൻ വ്യാപാരികളുടെ തീരുമാനം
text_fieldsചെന്നൈ: ഫാമുകളിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് കോഴികൾക്ക് തീറ്റ നൽകരുതെന്ന സർക്കാർ മാർഗ്ഗനിർദ്ദേശം പാലിക്കാത്ത ഉൽപാദകരുടെ നടപടിക്കെതിരെ സമരവുമായി തമിഴ്‌നാട് ചിക്കൻ ട്രേഡേഴ്‌സ് ഫെഡറേഷൻ രംഗത്ത്. ഫാമുകളുടെ അശാസ്ത്രീയ രീതികൾക്കെതിരെ പ്രതിഷേധിച്ച് ജൂലൈ 31മുതൽ സംസ്ഥാനത്ത് ബ്രോയിലർ കോഴി വിൽപ്പന പൂർണ്ണമായി നിർത്തിവെക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ബി. ദുരൈരാജ് അറിയിച്ചു. ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും വ്യാപാരികളെയും സമരം ബാധിക്കും. കോഴി കയറ്റി അയക്കുന്നതിന് മുൻപ് 8 മുതൽ 12 മണിക്കൂർ വരെ തീറ്റ നൽകരുതെന്നാണ് 2024 ലെ സർക്കാർ ഉത്തരവെങ്കിലും, ഉൽപാദകർ ഈ നിയമം നിരന്തരം ലംഘിക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു.
ലോറിയിൽ കയറ്റുന്നത് വരെ കോഴികൾക്ക് തീറ്റ നൽകുന്നത് മൂലം ഓരോ കോഴിയുടെയും ഭാരം കുറഞ്ഞത് 100 ഗ്രാം വരെ കൃത്രിമമായി വർദ്ധിക്കുന്നുണ്ടെന്നും, ഇതിലൂടെ ഉൽപാദകർക്ക് 3 മുതൽ 4 രൂപയുടെ അധിക നേട്ടം ഉണ്ടാകുമെന്നുമാണ് വിതരണക്കാരായ വ്യാപാരികൾ പറയുന്നത്. ഈ അധിക ഭാരത്തിനായി 10 മുതൽ 12 രൂപ വരെ തങ്ങൾക്ക് അധികമായി നൽകേണ്ടിവരുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. അധിക തുകയും വാഹനങ്ങളുടെയും കടകളുടെയും ശുചീകരണച്ചെലവുകളും സാധാരണക്കാരായ ഉപഭോക്താക്കളെയാണ് ബാധിക്കുന്നത്. വണ്ടികളിൽ വെച്ച് കോഴികൾ വിസർജ്ജനം നടത്തുന്നതും തീറ്റ കരളിലും തൊണ്ടയിലും തടഞ്ഞുനിൽക്കുന്നതും വലിയ ആരോഗ്യ-ശുചിത്വ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ചെന്നൈ പൗൾട്രി ഹോൾസെയിലേഴ്സ് അസോസിയേഷൻ അംഗം പ്രമോദ് വ്യക്തമാക്കി.
തമിഴ്‌നാട് ഫുഡ് സേഫ്റ്റി വകുപ്പിനെതിരെയല്ല ഈ സമരമെന്ന് ഫെഡറേഷൻ വ്യക്തമാക്കി. വ്യാപാരികളും ഉൽപാദകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഫെഡറേഷന്റെ ആവശ്യം. തമിഴ്‌നാട്ടിലെ സമരത്തിന് പുതുച്ചേരിയിലെ ചിക്കൻ വ്യാപാരികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വ്യാപാരികളും വിഷയത്തിൽ ഉടൻ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. പ്രതിസന്ധി ഒഴിവാക്കാൻ ഹോട്ടലുകൾക്കും ചില്ലറ വ്യാപാരികൾക്കും മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഫെഡറേഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

