Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ...

ഇന്ത്യ തായ്‌ലൻഡിനേക്കാൾ ചെലവേറിയത്; ബാങ്കോക്കിലെ ഒരു മാസത്തെ സഞ്ചാരികൾ പോലും ഇന്ത്യയിൽ ഒരു വർഷം എത്തുന്നില്ല -ശശി തരൂർ

text_fields
bookmark_border
ഇന്ത്യ തായ്‌ലൻഡിനേക്കാൾ ചെലവേറിയത്; ബാങ്കോക്കിലെ ഒരു മാസത്തെ സഞ്ചാരികൾ പോലും ഇന്ത്യയിൽ ഒരു വർഷം എത്തുന്നില്ല -ശശി തരൂർ
cancel
camera_alt

ശശി തരൂർ

ബാങ്കോക്ക്: വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികൾ ചൂണ്ടിക്കാണിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഇന്ത്യയേക്കാൾ വ്യക്തിഗത വരുമാനം കൂടുതലുള്ള രാജ്യമായിട്ടും തായ്‌ലൻഡ് വിനോദസഞ്ചാരികൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഇടമായി മാറുന്നത് ഒരു വലിയ വൈരുധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തായ്‌ലൻഡിലെ ഇന്ത്യൻ പ്രവാസികളുമായി നടത്തിയ ചർച്ചയിലാണ് തരൂർ ഇന്ത്യൻ ടൂറിസം മേഖലയിലെ പോരായ്മകൾ തുറന്നുകാട്ടിയത്.

ഇന്ത്യൻ വിനോദസഞ്ചാര രംഗത്തെ തായ്‌ലൻഡുമായി താരതമ്യപ്പെടുത്തി ഞെട്ടിക്കുന്ന ചില കണക്കുകളും അദ്ദേഹം പങ്കുവെച്ചു. ബാങ്കോക്ക് നഗരത്തിൽ മാത്രം ഒരു മാസം എത്തുന്ന അത്രയും സഞ്ചാരികൾ പോലും ഇന്ത്യയിൽ ഒരു വർഷം മുഴുവൻ ആയി എത്തുന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ അനുസരിച്ച് ആളുകളുടെ വരുമാനം കുറഞ്ഞ ഇന്ത്യയിലായിരിക്കണം വിദേശികൾക്ക് കൂടുതൽ കുറഞ്ഞ ചെലവ് വരേണ്ടത്.

എന്നാൽ, നിലവിലെ അവസ്ഥ നേരെ തിരിച്ചാണെന്ന് തരൂർ ചൂണ്ടിക്കാട്ടുന്നു.'ചരിത്രപരമായി നോക്കിയാൽ വിനോദസഞ്ചാരികൾക്ക് ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ ചെലവാണ് തായ്‌ലൻഡിൽ വരുന്നത്. ഇത് വലിയൊരു വൈരുധ്യമാണ്. കാരണം പല കാര്യങ്ങളിലും തായ്‌ലൻഡിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയേക്കാൾ കൂടുതലാണ്. അതിനാൽ ഇന്ത്യയിലായിരുന്നു ചെലവ് കുറയേണ്ടിയിരുന്നത്.' - തരൂർ വ്യക്തമാക്കി.

ഇന്ത്യയിലെ ഹോട്ടൽ മുറികളുടെ അമിത നിരക്കിന് പിന്നിലെ പ്രധാന കാരണം കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ അപാകതകളാണെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിസ്തീർണത്തിൽ കെട്ടിടങ്ങൾ നിർമിക്കേണ്ടി വരുന്നതിനാൽ ഹോട്ടൽ ഉടമകൾക്ക് മുറികൾക്ക് വലിയ തുക ഈടാക്കേണ്ടി വരുന്നു. ഇത് ഇന്ത്യയെ അന്താരാഷ്ട്ര വിപണിയിൽ ചെലവേറിയതാക്കി മാറ്റുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സ്വകാര്യ മേഖലക്ക് സാധിക്കുമെന്ന് തരൂർ അഭിപ്രായപ്പെട്ടു.

'ഇൻക്രെഡിബിൾ ഇന്ത്യ' കാമ്പയിൻ വിജയകരമായി നടപ്പിലാക്കിയ അമിതാഭ് കാന്തിനെപ്പോലുള്ള ചുരുക്കം ചില ഉദ്യോഗസ്ഥർ മാത്രമാണ് ഇതിൽ അപവാദമായിട്ടുള്ളത്. ടൂറിസം ഓപറേറ്റർമാരും ട്രാവൽ ഏജൻസികളും വിദേശ രാജ്യങ്ങളിൽ നേരിട്ട് പോയി മികച്ച യാത്രാ പാക്കേജുകൾ വിറ്റ് ആളുകളെ ഇന്ത്യയിലേക്ക് ആകർഷിക്കണം. സർക്കാരുകൾ മാർക്കറ്റിങ്ങിന് പിന്നാലെ പോകാതെ, ടൂറിസം വളരാൻ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വമില്ലായ്മയും മാലിന്യ പ്രശ്നങ്ങളും വിദേശികൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അനാവശ്യമായ യാചനയും തെരുവ് കച്ചവടക്കാരുടെ ശല്യവും കൃത്യമായി നിയന്ത്രിക്കണം. ടൂറിസം ബിസിനസുകളുടെ പ്രവർത്തനച്ചെലവ് കുറക്കാനും സഞ്ചാരികൾക്ക് യാത്രകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനും നികുതി ഘടനകളിൽ മാറ്റം വരുത്തണം. വിനോദസഞ്ചാര മേഖലയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.

2024ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ എത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 9.95 ദശലക്ഷം മാത്രമാണ്. എന്നാൽ, ഇതേ കാലയളവിൽ തായ്‌ലൻഡ് സന്ദർശിച്ചത് 35.5 ദശലക്ഷത്തിലധികം സഞ്ചാരികളാണ്. ഈ വലിയ വിടവ് നികത്താൻ ഇന്ത്യ അടിയന്തര നയപരമായ പരിഷ്കാരങ്ങളിലേക്ക് കടക്കണമെന്നാണ് ശശി തരൂരിന്റെ ആഹ്വാനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi Tharoorincredible indiaExpensiveIndian TourismThailand Tourism
News Summary - Tourists who stay in Bangkok for a month don't come to India for a year: Shashi Tharoor
Next Story