ന്യൂഡൽഹി: തലസ്ഥാന നഗരത്തിൽ ഇന്ത്യഗേറ്റിന് സമീപത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ടൂറിസ്റ്റ് ഗൈഡായ യുവതി കൂട്ട ബലാത്സംഗത്തിനിരയായി. സ്ത്രീ ഉൾപ്പെടെ ആറുപേരാണ് പീഡിപ്പിച്ചതെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. ഡൽഹി ഷീല സരാജ് സ്വദേശിയായ മനോജ് ശർമയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടൂറിസ്റ്റ് ഗൈഡും ടിക്കറ്റ് ബുക്കിങ് ഏജൻറുമായി ജോലിചെയ്യുന്ന യുവതിക്ക് കുറഞ്ഞ പലിശക്ക് പണം വായ്പയായി നൽകാമെന്ന് പറഞ്ഞ് മനോജ് ശർമ ഹോട്ടലിലേക്ക് വിളിപ്പിക്കുകയായിരുന്നു. രണ്ട് വ്യവസായികളുടെ പേരിലാണ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. ഇവർ കുറഞ്ഞ പലിശക്ക് പണം വായ്പ നൽകുമെന്ന് യുവതിയെ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ മുറിയിലുണ്ടായിരുന്ന സ്ത്രീ ഉൾപ്പെടെയുള്ളവർ ചേർന്ന് യുവതിയെ കൂട്ടബാലത്സംഗത്തിനിരയാക്കുകയായിരുന്നു. ശനിയാഴ്ചയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.
യുവതിയുടെ പരാതിയിൽ സ്ത്രീ ഉൾപ്പെടെ ആറുപേരുടെ വിശദംശങ്ങളാണ് പരാമർശിച്ചിട്ടുള്ളത്. അന്വേഷണം തുടരുകയാണെന്നും ഒളിവിലുള്ള മറ്റ് അഞ്ച് പേരെ ഉടൻ പിടികൂടാനാകുമെന്നും ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ ഐഷ് സിംഗാൾ അറിയിച്ചു.