താജ്മഹലിൽ സന്ദർശനത്തിനെത്തിയ വിദേശ ടൂറിസ്റ്റിന് കോവിഡ്; ആളെ കാണാനില്ലെന്ന് അധികൃതർ
text_fieldsആഗ്ര: താജ്മഹൽ സന്ദർശനത്തിനെത്തിയ അർജന്റീനയിൽ നിന്നുള്ള വിനോദ സഞ്ചാരിക്ക് കോവിഡ്. ഡിസംബർ 26നാണ് ഇയാൾ താജ്മഹൽ സന്ദർശിക്കാനെത്തിയതെന്ന് ആഗ്രയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ കുമാർ അറിയിച്ചു.
സ്ക്രീനിങ്ങിനിടെ ഇയാളുടെ സാമ്പിളുകൾ ശേഖരിച്ച് ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താജ്മഹലിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. തെറ്റായ വിവരങ്ങളാണ് ഇയാൾ നൽകിയതെന്നും പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു.
ഡിസംബർ 25ന് ചൈനയിൽ നിന്നും തിരിച്ചെത്തിയാൾക്കും താജ്മഹലിലെ പരിശോധനക്കിടെ കോവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി ലഖ്നോവിലേക്ക് അയച്ചിരിക്കുകയാണ്. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഇന്ത്യയും നിയന്ത്രണങ്ങൾ ശക്തമായത്.