Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടില്‍ തൊട്ടു;...

നോട്ടില്‍ തൊട്ടു; കൈപൊള്ളി

text_fields
bookmark_border
നോട്ടില്‍ തൊട്ടു; കൈപൊള്ളി
cancel

ന്യൂഡല്‍ഹി: ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു അത്. ഒരു രാത്രികൊണ്ട് കൈയിലുണ്ടായിരുന്ന നോട്ടുകള്‍ക്ക് കടലാസു വില. 500, 1,000 രൂപ നോട്ടുകള്‍ കെട്ടിപ്പൂട്ടിവെച്ചവര്‍ തൊട്ട് കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിച്ചവര്‍ വരെ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞു. ആ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍, ബാങ്ക് വഴി മാറ്റിയെടുക്കാവുന്ന തുക 2,000ത്തിലേക്ക് ചുരുക്കി ജനങ്ങളെ വരിഞ്ഞുമുറുക്കി. നല്ല ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, അത് സൃഷ്ടിച്ചത് വന്‍ പ്രതിസന്ധി.
ഇന്ത്യയില്‍പോലും നോട്ടുകള്‍ അസാധുവാക്കുന്നത് ആദ്യമല്ല.  1946ല്‍ 1,000, 10,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു. 1954ല്‍ 1,000, 5,000, 10,000 രൂപ നോട്ടുകള്‍ വീണ്ടും കൊണ്ടുവന്നു. 1978ല്‍ ഇതേ നോട്ടുകള്‍ വീണ്ടും അസാധുവാക്കി. ഇതുപോലെ പല രാജ്യങ്ങളുമുണ്ട്. അതില്‍ ചിലര്‍ക്ക് കൈപൊള്ളി. നേതാക്കള്‍ വരെ അധികാരഭ്രഷ്ടരായി.

•സോവിയറ്റ് യൂനിയന്‍

 

 
റൂബിൾ
 

 

 


1991 ജനുവരിയില്‍ മിഖായേല്‍ ഗോര്‍ബച്ചേവിന്‍െറ കാലത്ത് 50, 100 റൂബിള്‍ നോട്ടുകള്‍ പിന്‍വലിച്ചു. പ്രധാനമന്ത്രി മോദി ലക്ഷ്യമിടുന്നതുപോലെ കള്ളപ്പണത്തിന് കൂച്ചുവിലങ്ങിടുകയായിരുന്നു  ലക്ഷ്യം. എന്നാല്‍, ഗോര്‍ബച്ചേവിന്‍െറ കസേര തെറിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി ഈ നടപടി മാറി. രാഷ്ട്രീയ പ്രതിസന്ധിക്കൊപ്പം ജനങ്ങള്‍ ഇളകി. രാജ്യം സാമ്പത്തികമായി തകര്‍ന്നു. രാജ്യത്തെ മൂന്നിലൊന്ന് കറന്‍സി മൂല്യമാണ് പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ക്കുണ്ടായിരുന്നതെന്ന് ന്യൂയോര്‍ക് ടൈംസ് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് മാസമായപ്പോഴേക്കും സര്‍ക്കാറിനെതിരെ അട്ടിമറിശ്രമമുണ്ടായി. അതോടെ ഗോര്‍ബച്ചേവിന്‍െറ പ്രതാപം അസ്തമിച്ചു. തൊട്ടടുത്ത വര്‍ഷം സോവിയറ്റ് യൂനിയന്‍തന്നെ ഇല്ലാതായി. എന്നാല്‍, റഷ്യക്ക് അനുഭവം ഗുരുവായി. 1998ല്‍ അവര്‍ റൂബിള്‍ നോട്ട് പരിഷ്കരിച്ചു. നോട്ട് മൂല്യത്തില്‍നിന്ന് മൂന്ന് പൂജ്യം ഒഴിവാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.

•ഉത്തര കൊറിയ

ഉത്തര കൊറിയ കറന്‍സി
 


2010ല്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഇല്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയില്‍ പിടിമുറുക്കിയത് പഴയ നോട്ടിന്‍െറ മുഖവിലയില്‍നിന്ന് രണ്ട് പൂജ്യം വെട്ടിക്കളഞ്ഞുകൊണ്ടായിരുന്നു. കള്ളപ്പണം തടയലും പ്രധാന ലക്ഷ്യമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ വര്‍ഷം രാജ്യത്തെ കാര്‍ഷിക വിളവ് കുത്തനെയിടിഞ്ഞു. കടുത്ത ഭക്ഷ്യക്ഷാമമായിരുന്നു പിന്നീട്. ഇതിന്‍െറ പ്രതിഫലനമെന്നോണം സാധനവില കുതിച്ചുയര്‍ന്നു. ജനങ്ങള്‍ കടുത്ത അസംതൃപ്തിയിലായി. അങ്ങനെയിരിക്കെ അസാധാരണ നടപടിയുണ്ടായി. കിം ജനങ്ങളോട് മാപ്പു പറഞ്ഞു. ശേഷം സംഭവിച്ചതാണ് കാര്യം. ധനവകുപ്പ് തലവന്‍െറ തലകൊയ്തു.

•സയര്‍

റിപ്പബ്ളിക് ഓഫ് കോംഗോ കറന്‍സി
 


1971 മുതല്‍ 1997 വരെ സയര്‍ എന്നറിയപ്പെട്ടിരുന്ന മധ്യ ആഫ്രിക്കന്‍ രാജ്യം. സ്വേച്ഛാധിപതി മൊബുട്ടു സെസെ സെക്കോയുടെ കാലഘട്ടത്തിനുശേഷം ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ എന്ന് പേര് മാറി. 1990കളുടെ തുടക്കത്തില്‍ കടുത്ത സാമ്പത്തിക അസ്ഥിരതമൂലം മൊബുട്ടു ഭരണകൂടം നിരവധി തവണ നോട്ടുകള്‍ പരിഷ്കരിച്ചു. 1993ല്‍ കാലഹരണപ്പെട്ട നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്ത് അതിഭീകരമായ പണപ്പെരുപ്പം സൃഷ്ടിച്ചു. സയര്‍ കറന്‍സിക്ക് ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ വന്‍ ഇടിവുമുണ്ടായി. പതിയെ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് കൂപ്പുകുത്തി. 1997ല്‍ മൊബുട്ടു പുറത്തായി.

•മ്യാന്മര്‍

മ്യാന്‍മര്‍ കറന്‍സി
 


1987ല്‍ മ്യാന്മറിലെ പട്ടാള ഭരണം അന്ന് പ്രചാരത്തിലിരുന്ന കറന്‍സികളുടെ 80 ശതമാനം മൂല്യം വരുന്ന നോട്ടുകള്‍ റദ്ദാക്കി. കള്ളപ്പണം തടയാന്‍ ലക്ഷ്യമിട്ടായിരുന്നു നടപടി. എന്നാല്‍, ഏറെ വര്‍ഷങ്ങള്‍ക്കുശേഷം മ്യാന്മര്‍ കണ്ട വലിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഈ സൈനിക ഭരണകൂട നടപടി കാരണമായി. പിന്നാലെ രാജ്യം സാമ്പത്തിക അരക്ഷിതാവസ്ഥയിലത്തെി. നാടെങ്ങും വന്‍ പ്രക്ഷോഭം അരങ്ങേറി. ഒടുവില്‍ സമരത്തെ പട്ടാള ഭരണം അടിച്ചമര്‍ത്തി. അയല്‍രാജ്യത്ത് ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്.


•ഘാന

ഘാന കറന്‍സി
 


നികുതി വെട്ടിപ്പ്, അഴിമതി തടയല്‍, രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ 1982ല്‍ ഘാന അവരുടെ 50ന്‍െറ  സെദി നോട്ടുകള്‍ അസാധുവാക്കി. അതോടെ ജനങ്ങള്‍ക്ക് രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ആളുകള്‍ കൂടുതലായി വിദേശ കറന്‍സികളിലേക്കും മറ്റു സ്ഥിര ആസ്തികളിലേക്കും നിക്ഷേപം തിരിച്ചുവിട്ടു. അതോടെ നോട്ടുകളുടെ കരിഞ്ചന്ത രൂപപ്പെട്ടു. ഗ്രാമീണര്‍ക്ക് നോട്ടുകള്‍ മാറാന്‍ ബാങ്കുകളിലത്തെണമെങ്കില്‍  കിലോമീറ്ററുകള്‍ താണ്ടണമെന്നതും കരിഞ്ചന്തയെ കൊഴുപ്പിച്ചു. പണം മാറ്റിയെടുക്കാവുന്ന കാലാവധി അവസാനിച്ച ശേഷം ഘാനയില്‍ കടലാസ് വിലയുള്ള നോട്ടുകളുടെ കൂമ്പാരം കാണാമായിരുന്നുവെന്ന് അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

•നൈജീരിയ

നൈജീരിയ കറന്‍സി
 


കുമിഞ്ഞുകൂടിയ കടവും പണപ്പെരുപ്പവുമായിരുന്നു പട്ടാള ഭരണകൂടത്തെ നയിച്ചിരുന്ന മുഹമ്മദ് ബുഹാരിയെ പുതിയ നോട്ട് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്. 1984ലായിരുന്നു പരിഷ്കരണ നടപടി. കുറഞ്ഞ സമയംകൊണ്ട് പഴയ നോട്ടുകള്‍ക്കു പകരം പുതിയ നിറത്തിലിറക്കിയ നോട്ടുകള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, രാജ്യത്തെ സാമ്പത്തികമായി രക്ഷപ്പെടുത്താന്‍ എടുത്ത പല തീരുമാനങ്ങള്‍ക്കുമൊപ്പം  ഇതും ഫലവത്തായില്ല. സയറില്‍ മൊബുട്ടുവിനെപ്പോലെ ഘാനയില്‍ ബുഹാരിയും അധികാരഭ്രഷ്ടനായി. നോട്ടില്‍ തൊട്ടുകളിച്ചതിന്‍െറ തൊട്ടടുത്ത വര്‍ഷം നടന്ന അട്ടിമറിയാണ് ബുഹാരിക്ക് വിനയായത്. എന്നാല്‍, 2016ല്‍ അതേ ബുഹാരിതന്നെയാണ് നൈജീരിയയുടെ ഭരണാധികാരി.

 

Show Full Article
TAGS:currency ban world india 
News Summary - to touch the note, burn the hand
Next Story