Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൺകുട്ടിയെ...

ആൺകുട്ടിയെ പ്രസവിച്ചില്ല, എട്ടു വർഷമായി ഭർത്താവ് മർദ്ദനം തുടരുന്നു; ഒടുവിൽ ഇന്ത്യൻ യുവതി യു.എസിൽ ജീവനൊടുക്കി

text_fields
bookmark_border
ആൺകുട്ടിയെ പ്രസവിച്ചില്ല, എട്ടു വർഷമായി ഭർത്താവ് മർദ്ദനം തുടരുന്നു; ഒടുവിൽ ഇന്ത്യൻ യുവതി യു.എസിൽ ജീവനൊടുക്കി
cancel

വാഷിങ്ടൺ: ഭർതൃപീഡനം സഹിക്കാനാവാതെ യു.എസിൽ ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തു. എട്ടു വർഷം ഭർത്താവ് രഞ്ജോധബീർ സിങ്ങിന്റെ പീഡനം സഹിച്ച യു.പി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ പിതാവിനോട് വിവരിച്ച് മന്ദീപ് കൗർ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

''എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ... പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്''. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യു.പിയിലെ ബിജ്നോർ ജില്ലയിലാണ് അവരുടെ കുടുംബം. യു.എസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ കുടുംബം. പിതാവിന്റെ അടുത്ത് തന്നെ ഇവരെ നാട്ടിലെത്തിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. രഞ്ജോധബീറിന്റെ കുടുംബവും ബിജ്നോറിലാണ്. ''അവരെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും'' -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു.

മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. ഇതിനാൽ കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യു.എസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

മന്ദീപ് കൗറിന്റെ പിതാവും സഹോദരനും

വിവാഹം കഴിഞ്ഞയുടൻ രഞ്ജോധബീർ മകളെ മർദ്ദിക്കുമായിരുന്നുവെന്ന് ജസ്പാൽ പറയുന്നു. മന്ദീപ് കൗർ ഒരു പെൺകുഞ്ഞിന് ജൻമം നൽകിയതോടെ ആൺകുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് മർദ്ദനം രൂക്ഷമായി. പെൺകുഞ്ഞുങ്ങൾ രണ്ടായതോടെ സഹിക്കാവുന്നതിലും അപ്പുറമായി രഞ്ജോധബീർ പീഡനങ്ങളെന്നും മന്ദീപിന്റെ കുടുംബം വിവരിക്കുന്നു.

ഒരിക്കൽ ഇക്കാര്യങ്ങൾ വിവരിച്ച് ന്യൂയോർക്ക് പൊലീസിൽ പരാതി നൽകിയതാണ്. എന്നാൽ കൂടുതൽ നടപടി വേണ്ടെന്നും ഭർത്താവിന് മാപ്പു കൊടുക്കാൻ തയാറാണെന്നും മന്ദീപ് കൗർ തന്നെ കോടതിയിൽ പറയുകയായിരുന്നു. മക്കളെ കുറിച്ച് ഓർത്താണ് മന്ദീപ് നിയമനടപടികളിലേക്ക് നീങ്ങാതിരുന്നത്. അവളൊറ്റക്ക് എങ്ങനെ കുഞ്ഞുങ്ങളെ വളർത്തും എന്നതിൽ തങ്ങൾക്കും ആശങ്കയുണ്ടായിരുന്നുവെന്ന് ജസ്പാൽ പറഞ്ഞു. അതിനാൽ രഞ്ജോധബീറിന് ഒരവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അയാൾ അതുകൊണ്ടൊന്നും നിർത്തിയില്ല. ക്രൂര മർദ്ദനം തുടർന്നു.

കർഷക കുടുംബങ്ങളാണ് മന്ദീപിന്റെയും രഞ്ജോധബീറിന്റെയും. 2015ലാണ് ഇരുവരും വിവാഹിതരായത്. യു.എസിൽ ട്രക്ക് ഡ്രൈവറായിരുന്നു ആ സമയത്ത് രഞ്ജോധബീർ. മൂന്നു വർഷത്തിനു ശേഷം മന്ദീപ് കൗറും യു.എസിലെത്തി. മന്ദീപിന്റെ മരണ ശേഷം ഭർത്താവും കുടുംബവും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ജസ്പാൽ പറയുന്നു.

പെൺമക്കളെ വളർത്താൻ 50 ലക്ഷം രൂപ വേണമെന്നും രഞ്ജോധബീർ ആവശ്യപ്പെട്ടിരുന്നുവത്രെ. ട്രക്ക് വാങ്ങിയതിന്റെ വായ്പ അടച്ചു തീർന്നിട്ടില്ലാത്തതിനാൽ പെൺമക്കളെ വളർത്താൻ കാശില്ലെന്നായിരുന്നു അതിനു പറഞ്ഞ ന്യായം.

വിഡിയോ കണ്ടതിനു ശേഷം മന്ദീപ് കൗർ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ കുൽദീപിന് കഴിയുന്നില്ല. അവളുടെ ഭർത്താവിന് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി ഏതറ്റം വരെ പോകാനും തയാറാണ്-കുൽദീപ് കൂട്ടിച്ചേർത്തു. ഭർത്താവിന്റെ കുടുംബവും ആൺകുട്ടി വേണമെന്നാവശ്യപ്പെട്ട് സഹോദരിയെ മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് സഹോദരൻ സന്ദീപ് സിങ് പറഞ്ഞു. യു.എസിൽ പരാതി നൽകിയപ്പോൾ അവർ പേടിച്ചിരുന്നു. എന്നാൽ സഹോദരി തന്നെ ഇടപെട്ട് പരാതി പിൻവലിച്ചതോടെ അവർ വീണ്ടും പീഡനം തുടർന്നു-സന്ദീപ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violence
News Summary - Torture For years​; Indian Woman Died In US
Next Story