തലക്ക് ഒന്നരക്കോടി രൂപ വിലയിട്ട മാവോവാദി നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsറായ്പൂർ: സി.പി.ഐ(മാവോയിസ്റ്റ്) ജനറൽ സെക്രട്ടറി നംബാല കേശവ് റാവു എന്ന ബസവരാജു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ അബുജ്മദ് ഫോറസ്റ്റിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോവാദി നേതാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ബസവരാജടക്കം 26 മാവോവാദികൾ കൊല്ലപ്പെട്ടു. 2018ലാണ് 71കാരനായ ബസവരാജിനെ സി.പി.ഐ(മാവോയിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ബസവരാജിന്റെ തലക്ക് 1.5 കോടി രൂപയാണ് വിലയിട്ടിരുന്നത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയാണ് ബസവരാജുവിന്റെ സ്വദേശം. വാറംഗൽ റീജ്യനൽ എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഗംഗണ്ണ, പ്രകാശ്, കൃഷ്ണ, വിജയ്, ദാരാപു നരസിംഹ റെഡ്ഡി, നരസിംഹ എന്നിങ്ങനെ പല പേരുകളിലും ഇദ്ദേഹം അറിയപ്പെട്ടിട്ടുണ്ട്. ബസവരാജിന്റെ സമീപകാലത്തെ ഫോട്ടോകൾ പോലും അന്വേഷണ സംഘത്തിന്റെ കൈവശമില്ല. ഇയാൾക്ക് സ്വന്തമായി വീടോ സ്വത്തുവകകളോ ഇല്ലെന്നും അന്വേഷണ സംഘം അറിയിച്ചു. ഛത്തീസ്ഗഢ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
ഛത്തീസ്ഗഢിൽ മുതിർന്ന മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ പ്രത്യേക ദൗത്യസേന നടത്തിയ നടപടിയിലാണ് ബസവരാജടക്കമുള്ള 26 മാവോവാദികൾ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് നക്സലുകളും ജില്ലാ റിസർവ് ഗാർഡ് ജവാൻമാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബുധനാഴ്ച രാവിലെ വനപ്രദേശമായ അബുജ്മദ് പ്രദേശത്ത് ആരംഭിച്ച ഓപറേഷനിൽ നാരായൺപൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഉന്നത നക്സൽ നേതാക്കളെ വളഞ്ഞതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചപ്പോൾ നക്സലൈറ്റുകൾ വെടിയുതിർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് മാവോദികൾ കൊല്ലപ്പെട്ടത്. പ്രദേശം സൈന്യം വളഞ്ഞിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

