ഒരു കോടി രൂപ വിലയിട്ട മാവോ നേതാവ് ഗണേഷ് ഉയ്കെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്കെ
ഭുവനേശ്വർ: തലക്ക് 1.1 കോടി വിലയിട്ട മാവോവാദി നേതാവ് ഗണേഷ് ഉയ്കെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നിരോധിത മാവോവാദി സംഘടനയുടെ ഒഡിഷ വിഭാഗം നേതാവായിരുന്ന ഉയ്കെക്ക് പുറമെ മറ്റ് അഞ്ച് മാവോവാദികളും രണ്ട് സംഭവങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. 2024 മുതൽ സംഘടനയുടെ സംസ്ഥാനതല ചുമതല വഹിച്ചുവരുകയായിരുന്നു.
ബുധനാഴ്ച രാത്രി ബെൽഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുമ്മവന മേഖലയിൽ സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടലിൽ ഛത്തിസ്ഗഢ് സ്വദേശികളായ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ ചകപഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലുണ്ടായ വെടിവെപ്പിൽ ഉയ്കെ അടക്കം നാലു പേരും കൊല്ലപ്പെട്ടു.
തെലങ്കാനയിലെ ചെണ്ടൂർ മണ്ഡലിൽ പുല്ലെമല ഗ്രാമവാസിയായ 69കാരനായ ഉയ്കെ പക്ക ഹനുമന്തു, രാജേഷ് തിവാരി, ചംറു, റൂപ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഇയാൾക്കൊപ്പം കൊല്ലപ്പെട്ടത് രജനി, സിമ, ഉമേഷ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ തലക്ക് 1.65 ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു. രഹസ്യ സന്ദേശത്തെ തുടർന്ന് ഒഡിഷ കാണ്ഡമാലിൽ 23 സംഘങ്ങളായി തിരിഞ്ഞ് നടത്തിയ നീക്കത്തിലാണ് എല്ലാവരും കൊല്ലപ്പെട്ടത്. ഒഡിഷ പൊലീസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്, സി.ആർ.പി.എഫ്, ബി.എസ്.എഫ് വിഭാഗങ്ങൾ പങ്കെടുത്തു. സുരക്ഷാ സേനക്ക് ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

