ലഷ്‌കർ ഭീകരനെ പാക് അധീന കശ്മീരിൽ വധിച്ചു
text_fieldsജമ്മു: ഇന്ത്യ തിരയുന്ന മുൻനിര ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പാക് അധീന കശ്മീരിൽ വധിച്ചു. അബു ഖാസിം എന്ന റിയാസ് അഹമ്മദ് ആണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ റാവൽകോട്ടിലുള്ള അൽ ഖുദൂസ് പള്ളിയിൽ വച്ചാണ് ലഷ്‌കർ ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നത്.
കോട്‌ലിയിൽ നിന്ന് പ്രാർഥനക്കായി എത്തിയപ്പോഴാണ് റിയാസ് അഹമ്മദിന് തലക്ക് വെടിയേറ്റതെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി ഒന്നിന് നടന്ന ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് റിയാസ് അഹമ്മദ്. രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജമ്മു മേഖലയിൽ നിന്നുള്ള റിയാസ് അഹമ്മദ് 1999ലാണ് അതിർത്തി കടന്ന് പാകിസ്താനിലേക്ക് പോയത്. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ തീവ്രവാദം പുനരുജീവിപ്പിച്ചതിന് പിന്നിലെ പ്രധാനിയായിരുന്നു ഇയാൾ. മുരിഡ്‌കെയിലെ ലഷ്‌കർ ബേസ് ക്യാമ്പിൽ നിന്നാണ് അഹമ്മദ് കൂടുതലും പ്രവർത്തിച്ചിരുന്നതെങ്കിലും അടുത്തിടെ റാവൽക്കോട്ടിലേക്ക് മാറുകയായിരുന്നു.
ലഷ്‌കർ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായ റിയാസ്, സംഘടനയുടെ സാമ്പത്തിക കാര്യങ്ങളും നോക്കിയിരുന്നതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

