കശ്മീരിൽ ലഷ്കർ ഭീകരനെയും കൂട്ടാളിയെയും വെടിവെച്ച് കൊന്നതായി പൊലീസ്
text_fieldsശ്രീനഗർ: ലഷ്കറെ ത്വയ്ബ/ടി.ആർ.എഫ് കമാൻഡർ അബ്ബാസ് ശൈഖിനെയും കൂട്ടാളിയെയും രഹസ്യ ഓപറേഷനിൽ വധിച്ചതായി ജമ്മു-കശ്മീർ പൊലീസ്. ശ്രീനഗറിലെ അലൂച്ചി ബാഗ് പ്രദേശത്ത് വെച്ചായിരുന്നു സംഭവം.
സിവിലിയൻ വേഷത്തിലെത്തിയ ശ്രീനഗർ പൊലീസ് സേനയിലെ 10 ഉദ്യോഗസ്ഥർ ചേർന്നാണ് ലഷ്കറിന്റെ നിഴൽ സംഘടനയായ ദ റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ (ടി.ആർ.എഫ്) തലവനായ അബ്ബാസിനെ വെടിവെച്ചിട്ടതെന്ന് കശ്മീർ പൊലീസ് ഐ.ജി വിജയ് കുമാർ അറിയിച്ചു. 'അബ്ബാസും മൻസൂറുമാണ് മേഖലയിൽ ഭീകരത അഴിച്ചുവിട്ടത്. നിരവധി പേരെ കൊല ചെയ്ത ഇരുവരും യുവാക്കളെ ഭീകര പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു' -പൊലീസ് പറഞ്ഞു.
46കാരനായ അബ്ബാസ് ശൈഖ് നേരത്തെ ഹിസ്ബുൽ മുജാഹിദീനിൽ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പാണ് ടി.ആർ.എഫിലേക്ക് മാറിയത്. ഒരു വർഷത്തിനിടെ സംഘം നടത്തിയ മിക്ക കൊലപാതകങ്ങളുടെയും മുഖ്യ സൂത്രധാരൻ അബ്ബാസ് ആണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കഴിഞ്ഞ വർഷം ടി.ആർ.എഫിൽ ചേർന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിയായ മൻസൂർ അബ്ബാസിന്‍റെ നിർദ്ദേശ പ്രകാരം ശ്രീനഗറിലും പരിസരത്തും നടന്ന ചില കൊലപാതകങ്ങളിൽ പങ്കാളിയാണെന്നാണ് റിപ്പോർട്ടുകൾ.