ഭീമ കൊറേഗാവ് സംഘർഷം: എൽഗാർ പരിഷത്തിന് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
text_fieldsമുംബൈ: ഭീമ കൊറേഗാവ് പോരാട്ട വിജയത്തിന്റെ 200ാം വാർഷികാഘോഷ ഭാഗമായി 2018 ജനുവരി ഒന്നിന് നടന്ന സംഘർഷങ്ങളുമായി എൽഗാർ പരിഷത്തിന് ബന്ധമില്ലെന്ന് കേസ് ആദ്യമായി അന്വേഷിച്ച പൊലീസ് ഓഫിസർ.
എൽഗാർ പരിഷത്തിലെ 16 മനുഷ്യാവകാശ പ്രവർത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്ന എൻ.ഐ.എയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന മൊഴിയാണ് സബ് ഡിവിഷനൽ പൊലീസ് ഓഫിസർ ഗണേഷ് മോറെ ജുഡീഷ്യൽ കമീഷൻ മുമ്പാകെ നൽകിയത്. 2017 ഡിസംബർ 31ന് പുണെ നഗരത്തിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് എൽഗാർ പരിഷത്ത് നടന്നത്.
ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളാണ് തന്റെ അധികാര പരിധിയിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും ഇതിൽ ഒരു കേസിൽപോലും എൽഗാർ പരിഷത്ത് പരിപാടിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഗണേഷ് മോറെ മൊഴി നൽകി.
പരിഷത്തിന് സംഘർഷവുമായി ബന്ധമുണ്ടെന്ന് കാണിക്കുന്ന രേഖയോ തെളിവോ വിവരങ്ങളോ അന്വേഷണത്തിൽ ലഭ്യമായില്ലെന്നും അടുത്തിടെ വിരമിച്ച മോറെ വ്യക്തമാക്കി. എൽഗാർ പരിഷത്തിന് ബന്ധമില്ലെന്ന് ആദ്യമായി വ്യക്തമാക്കുന്ന സർക്കാർ പ്രതിനിധികൂടിയാണ് മോറെ.
അതേസമയം, ഭീമ കൊറേഗാവിൽ വലതുപക്ഷ തീവ്ര സംഘം കാവക്കൊടികളുമേന്തി നടത്തിയ പ്രകടനത്തിൽ മുഴക്കിയ കവിത പ്രകോപനമുണ്ടാക്കിയതായി കരുതുന്നില്ലെന്നും മോറെ പറഞ്ഞു. കൊൽക്കത്ത ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എൻ. പട്ടേലിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമീഷനിൽ മഹാരാഷ്ട്ര മുൻ ചീഫ് സെക്രട്ടറി സുമിത് മുല്ലിക് അംഗമാണ്. പുണെയിലും മുംബൈയിലുമായാണ് ജുഡീഷ്യൽ കമീഷൻ വാദം കേൾക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ നിർണായകമാണെന്ന് എൽഗർ പരിഷത് കേസിൽ അറസ്റ്റിലായവർക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരിൽ ഒരാളായ മിഹിർ ദേശായി പറഞ്ഞു.
കമീഷന് മുന്നിൽ നൽകിയ തെളിവ് നേരിട്ട് വിചാരണ കോടതിയിൽ ഉപയോഗിക്കാൻ കഴിയില്ല. തങ്ങളുടെ വാദത്തെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മിഹിർ ദേശായി പറഞ്ഞു. മോറെയുടെ മൊഴി ജുഡീഷ്യൽ കമീഷൻ എത്രയും വേഗം ബോംബെ ഹൈകോടതിക്ക് കൈമാറണമെന്ന് മറ്റൊരു അഭിഭാഷകൻ നിഹാൽ സിങ് റാത്തോഡ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ എൽഗർ പരിഷത് കേസിന്റെ വേരറുക്കുന്നതാണ്. അടിസ്ഥാനരഹിത ആരോപണങ്ങളുടെ പേരിലാണ് 16 പേരെ ജയിലിൽ അടച്ചത്. ഒരാൾ ജയിലിൽ മരിക്കുകയും ചെയ്തു. ഈ മൊഴി ഹൈകോടതി ശ്രദ്ധിക്കുകയും നടപടിയെടുക്കുകയും വേണം -നിഹാൽ സിങ് റാത്തോഡ് ആവശ്യപ്പെട്ടു.
എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 16 മനുഷ്യാവകാശ പ്രവർത്തകരിൽ ഫാ. സ്റ്റാൻ സ്വാമി കസ്റ്റഡിയിൽ മരിച്ചപ്പോൾ മൂന്ന് പേർക്ക് ജാമ്യം ലഭിച്ചു. 12 പേർ ജയിലിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

