'ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായി'; ഒടുവിൽ സമ്മതിച്ച് സൈനികമേധാവി
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ രാജ്യത്തിന് ചില യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് ഇന്ത്യയുടെ സ്ഥിരീകരണം. സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാനാണ് ഇക്കാര്യം പറയാതെ പറഞ്ഞത്. സിംഗപ്പൂരിൽ ‘ഷാംഗ്രി-ലാ ഡയലോഗി’നിടെ ‘ബ്ലൂംസ്ബെർഗ് ടി.വി’യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൗഹാൻ പറഞ്ഞത്: ‘‘വിമാനങ്ങൾ വെടിവെച്ചിട്ടോ എന്നതല്ല പ്രസക്തം. എന്തുകൊണ്ടാണ് അത് വെടിവെച്ചിട്ടത് എന്നതാണ്. തന്ത്രപരമായ പിഴവുകൾ ഞങ്ങൾക്ക് മനസ്സിലാക്കാനായി. അതാണ് പ്രധാന കാര്യം. ഈ പിഴവുകൾക്കുള്ള പരിഹാരം കണ്ട് പ്രതിവിധികൾ ആവിഷ്‍കരിച്ച് രണ്ട് ദിവസം കഴിഞ്ഞ് അത് ഞങ്ങൾ നടപ്പാക്കി. ഞങ്ങളുടെ വിമാനങ്ങളെല്ലാം വീണ്ടും പറന്നു. ദീർഘദൂര പരിധിയിൽനിന്ന് ലക്ഷ്യം ഉന്നമിട്ടു. ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന പാകിസ്താന്റെ അവകാശവാദം തീർത്തും പൊള്ളയാണ്.’’
മേയ് ഏഴിന് തുടങ്ങിയ യുദ്ധത്തിൽ വിമാനങ്ങൾ നഷ്ടമായതു സംബന്ധിച്ച് ആദ്യമായാണ് അധികൃതരിൽനിന്ന് നേരിട്ടുള്ള പരാമർശം ഉണ്ടാകുന്നത്. നേരത്തേ, ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് പറഞ്ഞിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കുന്ന ഒന്നും ശരീഫിന് പറയാനായില്ല. യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് ചൗഹാൻ പ്രതികരിച്ചില്ല. ‘യുദ്ധസാചര്യത്തിൽ പാകിസ്താനുമായുള്ള സംഭാഷണത്തിന്റെ സാധ്യത തുറന്നുകിടക്കുകയായിരുന്നു.
സാമ്പ്രദായിക യുദ്ധ മുറകൾക്കും ആണവ യുദ്ധത്തിനുമിടയിൽ ഒരുപാട് ഇടമുണ്ടെന്നാണ് താൻ വ്യക്തിപരമായി കരുതുന്ന’തെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള ആയുധ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച പാക് അവകാശവാദമൊന്നും ശരിയല്ലെന്ന് ചൗഹാൻ വ്യക്തമാക്കി. ‘വലിയ രൂപത്തിലുള്ള പ്രതിരോധ സംവിധാനങ്ങളുണ്ടായിരുന്ന പാകിസ്താന്റെ വ്യോമത്താവളങ്ങളിൽ മീറ്ററിന്റെ കൃത്യതയോടെ ആക്രമണം നടത്താൻ ഞങ്ങൾക്കായി. അതിർത്തിയിൽനിന്ന് 300 കിലോമീറ്റർ ഉള്ളിൽ വരെ ആക്രമണം നടത്തിയെന്ന് അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

