മിശ്ര വിവാഹങ്ങളുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്നത് വ്യക്തമാക്കണം; ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം
text_fieldsന്യൂഡൽഹി: ഒ.ബി.സി വിഭാഗത്തിൽപ്പെട്ട തനിച്ച് താമസിക്കുന്ന അമ്മമാരുടെ കുട്ടികൾക്ക് മറ്റ് പിന്നാക്ക വിഭാഗ (ഒ.ബി.സി) സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മറുപടി നൽകാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദേശം.
മിശ്ര ജാതി വിവാഹങ്ങളുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് പ്രത്യേകം ആവശ്യപ്പെട്ടു. സിംഗിൾ അമ്മമാരുടെ കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗ നിർദേശങ്ങളിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. പിതാവിന്റെ ഭാഗത്തുനിന്ന് (മുത്തച്ഛൻ, അച്ഛൻ അല്ലെങ്കിൽ അമ്മാവൻ) സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടാതെ, സിംഗിൾ അമ്മമാരുടെ ഒ.ബി.സി പദവി അടിസ്ഥാനമാക്കി സർട്ടിഫിക്കറ്റുകൾ നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
പിതൃപരമ്പരയെ അടിസ്ഥാനമാക്കിയുള്ള ഒ.ബി.സി സർട്ടിഫിക്കറ്റുകളാണ് നിലവിൽ നൽകിവരുന്നത്. അവിവാഹിതരായ അമ്മമാർക്ക് ഇത് ഗുരുതരമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. വിവാഹമോചിതയായ സ്ത്രീ കുട്ടികളുടെ ജാതി സർട്ടിഫിക്കറ്റുകൾക്കായി ഭർത്താവിനെ സമീപിക്കേണ്ടിവരുന്നതിൽ ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. അവിവാഹിതരായ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി അവർ മുന്നോട്ട് വയ്ക്കാൻ ആഗ്രഹിക്കുന്ന കൂടുതൽ നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഒ.ബി.സി സമുദായത്തിലെ അവിവാഹിതരായ സ്ത്രീകളുടെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് പരിഗണിക്കുന്ന സുപ്രീം കോടതി കേസ് ജൂലൈ 22 ന് അന്തിമ വാദം കേൾക്കുന്നതിനായി മാറ്റിവച്ചു. ഈ വിഷയത്തിൽ കേന്ദ്രം ഇതിനകം തന്നെ സത്യവാങ്മൂലം സമർപ്പിക്കുകയും ഹരജിക്കാരന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം അത്തരം മാർഗ നിർദേശങ്ങൾ രൂപപ്പെടുത്തേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമായതിനാൽ അവരുടെ പ്രതികരണം ആവശ്യമാണെന്ന് സുപ്രീം കോടതിയെ അറിയിച്ചു. എസ്.സി/എസ്.ടി സമൂഹത്തിനായി അത്തരം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച സുപ്രീം കോടതി വിധി ഇതിനകം തന്നെയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. അവിവാഹിതരായ അമ്മമാരുടെ കുട്ടികൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ഒരു പ്രധാന വിഷയം ഹരജിയിൽ ഉന്നയിക്കുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

